Back to articles

പട്ടി കടിച്ചാലോ?

January 01, 2004

''പിള്ളേര് രണ്ടും തമ്മിൽ കണ്ടു. അവന് പെണ്ണിനെ ഇഷ്ടപ്പെട്ടു. എന്നാലും ഞങ്ങൾക്ക് ഒരു ഭയം. പെണ്ണിന് ഒരുപാട് സ്വത്തുണ്ട്. ഞങ്ങൾക്ക് ഒറ്റ മകനേയുള്ളൂ. പെണ്ണിന്റെ സ്വത്തും കാര്യങ്ങളും അവന്റെ ജോലിയും ഒക്കെയായി തിരക്കുപിടിച്ച്, മകനെ ഇനി ഞങ്ങളുടെ കൂടെ കിട്ടാതെ വന്നാലോ?

ഒരു വിഷമവൃത്തത്തിൽ കിടന്ന് വീർപ്പുമുട്ടുകയാണ് ഒരപ്പനും അമ്മയും.

പെങ്ങളെ, നദിയിലെ വെള്ളം വറ്റുകയും, അക്കരെ കെട്ടിയിട്ടിരിക്കുന്ന പട്ടിയുടെ തുടല് പൊട്ടുകയും ചെയ്താൽ, ആ പട്ടി ഇക്കരെ വന്ന് നമ്മളെ കടിക്കും'' എന്ന്  പേടിക്കുന്ന മനുഷ്യർ, പട്ടിയുടെ കടി കൊള്ളുന്നതിനേക്കാൾ വലിയ ദുരിതമല്ലെ അനുഭവിക്കുന്നത്?

പട്ടി കടിച്ചാൽ പരമാവധി ഒരു മാസം ചികിൽസിച്ചാൽ മതി. പക്ഷെ കടിക്കും എന്ന പേടി ആജീവനാന്തം മനസ്സിനെ പേടിപ്പിച്ചുകൊണ്ടിരിക്കും.

വയസ്സാംകാലത്ത് മകനെ കൂടെ കിട്ടില്ല എന്ന നേരിയ പേടിയെങ്കിലും നിങ്ങളുടെ ഉള്ളിൽ ഉണ്ടെങ്കിൽ അത് സംഭവിക്കുകതന്നെ ചെയ്യും. കാരണം, നിങ്ങളുടെ ഓരോ ചെയ്തികളിലും ഉപബോധമനസ്സ് ഈ ഭയത്തിനെതിരെ ഏതെങ്കിലും ചരടുകളും തടസ്സങ്ങളും ഒരുക്കും.

നിങ്ങളുടെ മകന് കാലക്രമത്തിൽ ഇത് അരോചകമായി തീരും. അവന്റെ ഉപബോധമനസ്സ് അരോചകമായ സാഹചര്യത്തിൽനിന്നും അകന്നു നിൽക്കാവുന്ന മാർഗ്ഗങ്ങൾ കണ്ടെത്തും. ഫലത്തിൽ മകൻ നിങ്ങളിൽനിന്നും അകലാൻ ശ്രമിക്കും.

അവനിഷ്ടപ്പെട്ട ഈ ആലോചന മാറ്റിവെച്ച് വേറൊന്ന് നടത്തിയാലും, നിങ്ങളുടെ ഈ ഭയം തീരില്ല.

ആലോചനകൾ മാറ്റിവെക്കുന്നതിനു പകരം ഭയം മാറ്റിവെച്ചിട്ട് അവനിഷ്ടപ്പെട്ട കല്യാണം നല്ല ഇഷ്ടത്തോടെ നടത്തിക്കൊടുക്കുക.

പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേർന്ന് പുതിയ ഒരു കുടുംബം രൂപപ്പെടുത്തട്ടെ. മകനെ കൂടെ നിറുത്തി അവന്റെ കുടുംബം കൂടി നിങ്ങൾതന്നെ രൂപപ്പെടുത്തി ക്കൊടുക്കുവാൻ ആലോചിക്കണ്ട. അവരുടെ ആവശ്യനേരത്ത് താങ്ങായി നിൽക്കുവാനുള്ള സന്നദ്ധത കാണിച്ചുകൊണ്ടിരുന്നാൽ മതി.

അവരുടെ യൌവന കാലത്തുതന്നെ അവർക്ക് ധാരാളം മക്കളെ ലഭിക്കട്ടെ എന്ന് അവരെ അനുഗ്രഹിക്കുക.

George Kadankavil - January 2004

What is Profile ID?
CHAT WITH US !
+91 9747493248