Back to articles

ഇതു ഭദ്രകാളി!

May 01, 2004

കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്, ലക്ഷക്കണക്കിന് ദിവസ വരുമാനവുമുണ്ട്, ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചിട്ടും, കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഈ നിലയിലെത്തി. ഒരു മകനാണുള്ളത്. എനിക്ക് പണമില്ലാതിരുന്നതുകൊണ്ട് കാര്യമായി പഠിക്കാൻ കഴിഞ്ഞില്ല, അതിനാൽ മകനെ മുന്തിയ സ്കൂളുകളിൽത്തന്നെ വിട്ടു പഠിപ്പിച്ചു. ഇപ്പോൾ സ്വിറ്റ്സർലാന്റിൽ എം.ബി.എ കഴിഞ്ഞ് അവിടെതന്നെ ജോലിയാണ്.

ഇവിടെ വന്ന് എന്റെ ബിസിനസ്സ് നോക്കി നടത്തിയാൽ ലോകത്ത് എവിടെ ജോലി ചെയ്യുന്നതിലും കൂടുതൽ വരുമാനം ഉണ്ടാകും. പക്ഷെ അവന് താൽപര്യം ഇല്ല. നാട്ടിൽനിന്നും ഒരു കല്യാണം കഴിച്ചാലെങ്കിലും ഇവിടേക്ക് വരാൻ മനസ്സാകുമെന്നു കരുതി കല്യാണമന്വേഷിക്കുകയാണ്. ഒന്നും ശരിയാകുന്നില്ല. ഓർത്തിട്ട് ആകെ ഒരു വേവലാതി.

ഒരു വലിയ  വ്യവസായി അർഹിക്കുന്ന ഗൌരവത്തിൽ മാത്രമെ മുമ്പ് ഞങ്ങൾ തമ്മിൽ  സംസാരിച്ചിട്ടുള്ളൂ. ഇത്തവണ ഇദ്ദേഹം അസ്വസ്ഥനാണ്. കേട്ടിട്ട് എനിക്കും അസ്വസ്ഥത തോന്നി. സാഹചര്യം മയപ്പെടുത്താൻ ഞാൻ വിഷയം മാറ്റി.

ഒരിക്കൽ ചുടല ഭദ്രകാളിയും പരിവാരങ്ങളും കൂടി ചുടുകാട്ടിൽ എത്തി ചുടല നൃത്തത്തിന് ഒരുങ്ങുകയായിരുന്നു. പെട്ടെന്ന് ചുടുകാടിന്റെ ഒരു ഭാഗത്ത് മനുഷ്യസാന്നിദ്ധ്യം. നാറാണത്തു ഭ്രാന്തൻ ഒരു കല്ലിൽ തലവെച്ച്, അവിടെ കിടന്ന് ഉറങ്ങുന്നു. ഭൂതങ്ങളെല്ലാം കൂടെ ആരെയും ഭയപ്പെടുത്തുന്ന ഭീകരരൂപം പൂണ്ട്, ആർത്തട്ടഹസിച്ച് ചുറ്റും നടന്ന് പേടിപ്പിക്കുവാൻ തുടങ്ങി. നാറാണത്തിനു പക്ഷെ ഒരു കുലുക്കവും ഇല്ല, കണ്ണുതുറന്ന് ഭൂതഗണങ്ങളെ ഒന്നു നോക്കിയ ശേഷം തിരിഞ്ഞുകിടന്ന് വീണ്ടും ഉറക്കം തുടങ്ങി. ഒടുവിൽ ഭദ്രകാളിതന്നെ വന്നു, ഇത്രയും ഭൂതപ്രേതങ്ങളെ കണ്ടിട്ടും ഭയപ്പെടാത്തവൻ, സാധാരണക്കാരനല്ലെന്നു മനസ്സിലാക്കി, അനുനയത്തിൽ നാറാണത്തുഭ്രാന്തനെ വിളിച്ചുണർത്തി.

ഞാൻ ചുടലഭദ്രകാളിയാണ്. എല്ലാ വർഷവും കർക്കിടത്തിലെ അമാവാസി രാത്രി ഞങ്ങൾക്ക് ഈ ചുടലക്കളത്തിൽ വന്ന് നൃത്തം ചെയ്യുന്ന പതിവുണ്ട്, അതു തെറ്റിക്കാൻ പാടില്ല. നൃത്തം മനുഷ്യർ കാണാനും പാടില്ല. കണ്ടാൽ ഞങ്ങളുടെ ശക്തി ക്ഷയിച്ചുപോകും. അങ്ങൊരു മഹാനാണെന്നു മനസ്സിലായി. ദയവുചെയ്ത് ഇവിടം വിട്ടുപോകണം.

ഞാൻ നാറാണത്തു ഭ്രാന്തനാണ്, ചുടലക്കളത്തിൽ തീകൂട്ടി, അവിടെ കഞ്ഞിവെച്ചു കുടിച്ച്, അവിടെത്തന്നെ കിടന്നുറങ്ങുന്നതാണ് എന്റെ പതിവ്. അത് ഞാനും തെറ്റിക്കാറില്ല.
ഭദ്രകാളി വല്ലാത്ത വിഷമത്തിലായി. അവരുടെ വിഷമാവസ്ഥ കണ്ട് നാറാണത്തു ഭ്രാന്തൻ അവിടം വിട്ടുപോകാൻ തയ്യാറായി. പക്ഷെ ഭദ്രകാളിക്ക് അവിടെയും പ്രശ്നം.
ഏതെങ്കിലും മനുഷ്യരെ കാണാനിട വന്നാൽ അവർക്ക് എന്തെങ്കിലും വരം കൊടുക്കണം.

എനിക്ക് വേണ്ടതെല്ലാം എന്റെ ചുറ്റിനും ഉണ്ട്. മറ്റു വരം ഒന്നും എനിക്ക് ആവശ്യം ഇല്ല, നന്ദി എന്നുപറഞ്ഞ് നാറാണത്തുഭ്രാന്തൻ നടന്നുതുടങ്ങി. ഭദ്രകാളി വീണ്ടും കരച്ചിലിന്റെ വക്കിലെത്തി.

'പോകരുതേ' എന്നപേക്ഷിച്ചുകൊണ്ട് അവർ പിന്നാലെ കൂടി.

ശരി, നിർബന്ധമാണെങ്കിൽ പറയൂ ഞാൻ എപ്പോൾ മരിക്കും?.

ഭദ്രകാളി കൃത്യം സമയവും ദിവസവും പറഞ്ഞു.

എനിക്ക് ഒരു ദിവസം കൂടുതൽ ജീവിക്കാനുള്ള വരം തന്നോളൂ.

ഭദ്രകാളി നിന്നു പരുങ്ങി. മഹാനുഭാവൻ, അത് തരാനുള്ള കഴിവ് എനിക്കില്ലല്ലോ.

എങ്കിൽ ഒരു ദിവസം നേരത്തെ മരിക്കാനുള്ള വരം തന്നേക്കുക.

പക്ഷെ, അതും ഭദ്രകാളിയുടെ കഴിവിനപ്പുറത്തായിരുന്നു.

ഒടുവിൽ ഒരു പുഞ്ചിരിയോടെ  നാറാണത്തുഭ്രാന്തൻ ചോദിച്ചു, എന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റി തരാൻ കഴിയുമോ?

ഒരു വലിയ ആശ്വാസം ലഭിച്ചതുപോലെ ഭദ്രകാളി വേഗം നാറാണത്തു ഭ്രാന്തന്റെ ഇതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റി കൊടുത്തു.

മന്ത് മറ്റെക്കാലിലേക്ക് മാറ്റിക്കൊടുക്കാൻ മാത്രമാണ് ഭദ്രകാളിക്കു സാധിച്ചത്. ജീവിതപ്രശ്നങ്ങൾ ഒരിക്കലും ഇല്ലാതാവില്ല, നമ്മൾ അതു കുറെ അതിജീവിക്കുകയാണ് ചെയ്യുന്നത്.

അപൂർവ്വം വീണു കിട്ടുന്ന അവസരങ്ങളിൽ നമ്മുടെ മന്ത് മറ്റെ കാലിലേക്ക് ഒന്നു മാറ്റി എടുക്കാൻ പറ്റിയേക്കും. അത്രമാത്രം.

ഓരോ പരിഹാരവും കുറെ പുതിയ പ്രശ്നങ്ങൾ കൊണ്ടുവരും. ദാരിദ്ര്യം കാരണം സാറ് കഷ്ടപ്പെട്ട് പണമുണ്ടാക്കി, സാറിന് പഠിക്കാൻ പറ്റാഞ്ഞതിനാൽ മകന് ഏറ്റം മുന്തിയ വിദ്യാഭ്യാസം നേടിക്കൊടുത്തു. ഉദ്ദേശിച്ച രണ്ട് കാര്യങ്ങളും അസ്സലായി നടന്നു കിട്ടി.

മന്ത് ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറി, അത്രേയുള്ളൂ. ഒരുദിവസം മുമ്പോ, ഒരുദിവസം കഴിഞ്ഞോ മരിക്കാൻ സാറിന് സാധിക്കില്ലല്ലോ.

അതുകൊണ്ട് വേവലാതികൾ ഇവിടെ ഇപ്പോൾതന്നെ ഉപേക്ഷിക്കണം. എന്നിട്ട് സാറിന്റെ കുരിശുമെടുത്തു കൊണ്ട് നല്ല സമാധാനത്തിൽ മുന്നോട്ട് പോകുക.

കല്യാണം ശരിപ്പെട്ടു വരും. അതിന് ഓരോരോ കണക്കുകൾ കൂട്ടി, മകനോട് നിബന്ധന ഒന്നും വെക്കാതിരുന്നാൽ മതി.

മകന്റെ കുരിശ് അവൻ എടുത്ത് നടക്കട്ടെ, അവന്റെ കുരിശിന്റെ വഴിയിൽ ആവശ്യ സമയത്ത് സഹായിക്കാൻ സാധിക്കണേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുക.

George Kadankavil - May 2004

What is Profile ID?
CHAT WITH US !
+91 9747493248