''ഓഹോയ്, ഓഹോയ്..... എന്ന വിളി കേട്ടപ്പോഴേ പാക്കനാർ പാടവരമ്പത്തുനിന്ന് വയലിലേക്ക് ഇറങ്ങിമാറി.
പാക്കനാരുടെ ഭാര്യക്ക് പക്ഷെ കൂസലൊന്നുമില്ല. അവർ വരമ്പിൽക്കൂടിത്തന്നെ നടക്കുകയാണ്.
ആ നമ്പൂരി വരുന്നുണ്ട്, നീ ഇങ്ങ് മാറിക്കോ എന്ന് പാക്കനാർ പറഞ്ഞപ്പോൾ അവൾ പൊട്ടിത്തെറിച്ചു.
മകളെ ഭാര്യയാക്കി വച്ചിരിക്കുന്ന നീചനായ ഈ നമ്പൂരിക്ക് ഞാനെന്തിന് വഴിമാറി കൊടുക്കണം?
പാക്കനാർ പെട്ടെന്ന് വരമ്പിൽ കയറി ഭാര്യയെ പിടിച്ചു വലിച്ചു വയലിലേക്ക് മാറ്റിക്കൊണ്ടു പറഞ്ഞു.
ഛീ... ഒരട്ട ബാക്കിയുണ്ടായിരുന്നു അത് ഇപ്പം നിനക്കും കിട്ടി.
എടീ, സത്യമറിയാതെ ദൂഷണം പറയരുത്. നിനക്കറിയാമോ, ഈ നമ്പൂതിരിയുടെ വീട്ടിൽ ഒരിക്കൽ അന്നദാനത്തിന് ഉണ്ടാക്കിയ ചോറിൽ ഒരു അട്ട വീണു. ദ്രവ്യ നഷ്ടം ഭയന്നും, സമയം പോയതുകൊണ്ടും, അട്ടയെ എടുത്തുകളഞ്ഞ് ആ ചോറുകൊണ്ടുതന്നെ നമ്പൂതിരി അന്നദാനം നടത്തി. ഈ പാപത്തിന് ശിക്ഷയായി, മരിച്ചുചെല്ലുമ്പോൾ നമ്പൂതിരിയെക്കൊണ്ട് തീറ്റിക്കാൻ ഒരു കുന്ന് അട്ടയെ നരകത്തിൽ ഒരുക്കിവച്ചിരുന്നു.
ദൈവപ്രസാദംകൊണ്ട് നമ്പൂതിരി ഇതു മുൻകൂട്ടി അറിഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ആക്ഷേപം ഏറ്റാൽ ഓരോ അട്ട വീതം ആക്ഷേപിക്കുന്നവർക്ക് പോകും എന്ന് പരിഹാരതന്ത്രം കണക്കാക്കിയ നമ്പൂതിരി, കുളിക്കാൻ വെള്ളം ചൂടാക്കലും, മുറുക്കാൻ ഇടിക്കലും, കിടക്ക വിരിക്കലും തുടങ്ങിയ പണികൾ സ്വന്തം മകളെക്കൊണ്ട് ചെയ്യിക്കാൻ തുടങ്ങി.
ഇതറിഞ്ഞവരൊക്കെ സത്യമറിയാതെ നമ്പൂതിരിയെ ആക്ഷേപിച്ചു. അങ്ങനെ ഓരോ അട്ടവീതം ആക്ഷേപിച്ചവർക്ക് പോയി. ഒരട്ട ബാക്കിയുണ്ടായിരുന്നു അത് ഇപ്പോൾ നിനക്കുമായി.
ഐതിഹ്യമാലയിലെ ഒരു കഥയാണിത്. മനസ്സറിയാത്ത കാര്യത്തിന് കുറ്റപ്പെടുത്തലും ആക്ഷേപവും പരിഹാസവും കേട്ടു സങ്കടപ്പെട്ട് എന്റടുത്തു വന്ന ഒരമ്മക്ക് ഈ കഥ പിടിച്ചു.
ജോർജ്ജുകുട്ടീ, ഒരട്ട ഇനിയും ബാക്കിയുണ്ടെന്ന് നീയൊന്നെഴുതാമോ. മറ്റുള്ളവരുടെ കുറ്റംപറയുന്നവര് ഓർക്കാൻ വേണ്ടിയാ.
ഞാനെഴുതാം പെങ്ങളെ, പക്ഷെ മറ്റുള്ളവരെ മാറ്റാൻ നോക്കുന്നതിലും എളുപ്പം നമ്മളെത്തന്നെയങ്ങു മാറ്റുന്നതാ കേട്ടോ.
″എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴും, നിർദ്ദയമായി വിമർശിക്കുമ്പോഴും, കുറ്റക്കാരനായി വിധിക്കുമ്പോഴും, അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ, എന്നെ അനുഗ്രഹിക്കണമെ"
എന്നു പ്രാർത്ഥിക്കാൻ കഴിയുംവിധം മനസ്സ് അങ്ങോട്ട് മാറ്റുക.
George Kadankavil - June 2004