മകളെ ഒരു എഞ്ചിനീയർക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നാ ആഗ്രഹം.
വളരെ ആത്മാർത്ഥതയോടെയാണ് ഒരമ്മ എന്നോടിത് പറഞ്ഞത്. അമ്മയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് എനിക്ക് തെല്ലും സംശയമുണ്ടായില്ല, പക്ഷെ ഞാൻ പെട്ടെന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
″അയ്യോ പെങ്ങളെ, എഞ്ചിനീയറെക്കൊണ്ട് മോളെ കെട്ടിക്കരുത്. അത് പിന്നെ പ്രശ്നമാകും″.
നമുക്ക് അവളെ നല്ല കുടുംബത്തിൽ പിറന്ന മിടുക്കനായ ഒരു ചെറുക്കനെക്കൊണ്ട് കെട്ടിക്കാം. അവളെ സംരക്ഷിക്കാൻ പ്രാപ്തിയും മനസ്സും ഉള്ള ഒരു പയ്യനെ നമുക്ക് അന്വേഷിക്കാം.
ആ പയ്യൻ ഇനി ഒരു എഞ്ചിനീയർ ആയാലും കുഴപ്പമില്ല. പക്ഷെ നട്ടെല്ലുള്ള പുരുഷനായിരിക്കണം.
അങ്ങനെ ഒരു പയ്യനെ കിട്ടിയാൽ അവനോടൊപ്പം നിന്ന്, ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ, അമ്മേടെ മോൾക്ക് കഴിയുമോ?......
ഒരു പ്രത്യക മുഖഭാവത്തോടെ ആ അമ്മ പറഞ്ഞ മറുപടി വളരെ ഹൃദയസ്പർശി ആയിരുന്നു.
അവൾക്കതിന് സാധിക്കണമെയെന്നാണ് എന്റെ പ്രാർത്ഥന.
പറ്റിയ ബന്ധുത ലഭിക്കാൻ മാത്രമല്ല, അത് സന്തോഷത്തിലും, സമാധാനത്തിലും നിലനിർത്തുവാനും പ്രാർത്ഥനയിലുറച്ച പരിശ്രമം നമ്മൾ തുടർന്നു കൊണ്ടേയിരിക്കണം.
മനുസ്മൃതിയിൽ പറയുന്നു, തറവാട്, സ്വഭാവം, ബന്ധുബലം, ആകൃതി, പ്രായം, വിദ്യ, ധനം ഈ ഏഴ് കാര്യങ്ങളിൽ തുലനം ചെയ്യാവുന്നവരുമായി വിവാഹ ബന്ധത്തിലേർപ്പെടുക എന്ന്.
ബന്ധുത തേടുമ്പോൾ, നമ്മുടെ പരിഗണന ഏതെങ്കിലും ഒരു ഘടകത്തിൽ മാത്രമായി പോകുരുത്.
George Kadankavil - August 2004