''വിവാഹ ജീവിതത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും പറയാത്ത ഒരു മനുഷ്യനെപ്പോലും ഞാനിതുവരെ കണ്ടിട്ടില്ല, എങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിക്കുന്നത്. എനിക്കേതായാലും വിവാഹം വേണ്ടാ'', സങ്കടം പറയുന്ന അമ്മയെ സമാധാനിപ്പിക്കാൻ എന്ന പോലെ, എന്നെ കാണാൻ വന്ന സമർഥനായ ഒരു ചെറുപ്പക്കാരനാണ് ഇത് പറയുന്നത്.
ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ലാത്ത ഒരു വശമാണല്ലോ ഇദ്ദേഹം പറയുന്നത്! ഇത് ശരിയാണോ? എന്റെയും, എനിക്ക് അടുത്തറിയാവുന്നവരുടെയും ഒക്കെ പെരുമാറ്റം മനസ്സിലിട്ട് പെട്ടെന്ന് ഒന്നോടിച്ചു നോക്കി. സംഗതി ശരിയാണല്ലോ! എല്ലാവർക്കും ഏതെങ്കിലും തരം പരാതികളും പരിഭവങ്ങളും ഉണ്ടല്ലോ! വിവാഹം കഴിഞ്ഞവർക്കും കഴിയാത്തവർക്കും വിവാഹം വേണ്ടാ എന്നു വെച്ചിരിക്കുന്നവർക്കുപോലും പലവിധ പരാതികളുണ്ട്. അപ്പോൾ വിവാഹം അല്ല പരാതികളുടെ ഉറവിടം. അതുകൊണ്ട് പരാതികളെക്കുറിച്ച് ഞങ്ങൾ ഒരു വിശകലനം നടത്തി.
സാധാരണഗതിയിൽ ഒരു വ്യക്തിക്ക് ഏതെങ്കിലും കാര്യത്തെക്കുറിച്ച് അതൃപ്തി ഉണ്ടാകുകയും, അതു സ്വന്തംനിലയിൽ പരിഹരിക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് ആ അതൃപ്തി പരാതിയായി പുറത്തുവരുന്നത്. ചില ഗൂഡലക്ഷ്യങ്ങൾക്കും സ്വാർഥലാഭത്തിനും വേണ്ടി മനപ്പൂർവം പരാതികൾ സൃഷ്ടിക്കുന്നവരും ഉണ്ട്, എന്നാൽ അതും ഏതെങ്കിലും വിധമുള്ള തൃപ്തിയില്ലായ്മയിൽ നിന്നു പുറപ്പെടുന്നതാണ്.
ഏതൊരു പ്രശ്നത്തെയും നിർവചിക്കാൻ കഴിഞ്ഞാൽ ഭിന്നിപ്പിക്കാൻ കഴിയും, പിന്നെ നിയന്ത്രിക്കാൻ എളുപ്പമാകും. അതുകൊണ്ട് പരാതികൾ എന്ന പ്രശ്നത്തെ നമുക്കൊന്ന് വിഭജിച്ചു നോക്കാം. സാമൂഹിക അവസ്ഥകളെയും അന്യായങ്ങളെയും കുറിച്ച് മനുഷ്യർക്ക് അതൃപ്തികളുണ്ടാകും, ചിലപ്പോൾ പരാതികളും ഇതു കൈകാര്യം ചെയ്യാനാണ് നമ്മൾ നീതിന്യായ നിയമ വ്യവസ്ഥകൾ സൃഷ്ടിച്ചിരിക്കുന്നത്.
അടുത്തത് സ്വകാര്യ വ്യഥകളിൽ നിന്നുളവാകുന്ന അതൃപ്തികളും പരാതികളുമാണ്. ഈ സ്വകാര്യ അതൃപ്തികളാണ് മനുഷ്യരെ നിരന്തരം അസ്വസ്ഥരാക്കുന്നത്. അതൃപ്തി അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും, തൃപ്തി ലഭിക്കുന്ന സാഹചര്യങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നത് മനുഷ്യസ്വഭാവമാണ്. പരാതി ഭയന്ന് വിവാഹം വേണ്ടെന്നു വെച്ചാലും അതൃപ്തികൾ ഇല്ലാതാവുന്നില്ല. ഒരാളിലും വിശ്വാസം അർപ്പിക്കാത്തതിനാൽ നിങ്ങളുടെ അതൃപ്തി വർദ്ധിച്ചുകൊണ്ടേയിരിക്കും, വാർദ്ധക്യത്തിൽ ഇത് മൂർച്ഛിച്ച് ദുസഹം ആയിത്തീരും.
മറ്റുള്ളവരോട് ഇടപഴകാതെ, മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. ആരോട് ഇടപെട്ടാലും, ഒന്നുകിൽ തൃപ്തി അല്ലെങ്കിൽ അതൃപ്തി ചിലപ്പോൾ ഇതു രണ്ടും അനുഭവപ്പെടും. ഓരോ വ്യക്തിയും മറ്റുള്ളവരോടുള്ള തന്റെ ബന്ധം മെച്ചപ്പെടുത്തുന്നതും, വഷളാക്കുന്നതും തനിക്കുണ്ടാകുന്ന അതൃപ്തികളോടുള്ള അയാളുടെ മനോഭാവവും, പ്രതികരണശൈലിയും അനുസരിച്ചായിരിക്കും.
നമുക്ക് നല്ല ബന്ധമുള്ള വ്യക്തികളോട് സന്തോൽത്തോടെ ഇടപഴകുമ്പോൾ നല്ല തൃപ്തി ലഭിക്കും അതുവഴി മറ്റുള്ളവരിൽനിന്ന് കിട്ടിയിരിക്കുന്ന അതൃപ്തികൾ പോലും മാഞ്ഞു പോകും. അങ്ങനെ നല്ല തൃപ്തിയോടെ ഇടപഴകാൻ പറ്റിയ കുറെ ബന്ധുക്കളെ നിങ്ങൾക്ക് സ്വന്തമായി ലഭിക്കാനും കൂടിയാണ് സുഹൃത്തേ വിവാഹബന്ധം.
ഇവിടെ, പരാതിപ്പെടാനുള്ള നിങ്ങളുടെ അവകാശംപോലെ തന്നെ പരാതി കേൾക്കാനും പരിഹാരം കണ്ടെത്താനുമുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഈ ബന്ധുബല സംതൃപ്തി, ഭാര്യക്കോ ഭർത്താവിനോ മാത്രമല്ല, രണ്ടുപേരുടെയും കുടുംബാംഗങ്ങൾ എല്ലാവർക്കും കൂടി പ്രയോജനപ്പെടേണ്ടതാണ്.
വികസന ഫണ്ട് ചിലവഴിക്കാതെ കിടന്ന് ലാപ്സ് ആയിപ്പോകുന്നതുപോലെ തൃപ്തിയുടെ ഈ ഖനി, നമ്മുടെ അവിവേകവും, അഹങ്കാരവും കൊണ്ട് പാഴാക്കി കളയരുതേ.
George Kadankavil - September 2004