ഞങ്ങളുടെ നിലയ്ക്കും വിലയ്ക്കും പറ്റിയ പ്രൊപ്പോസല്‍ ഒന്നും വരുന്നില്ലല്ലോ!
എന്ന് സങ്കടം പറഞ്ഞ ഒരു പിതാവിനോട് ഞാന്‍ ചോദിച്ചു,
അച്ചായാ ആ മരത്തിലെ പച്ചിലകളുടെ നിറം ശരിക്കും പച്ച തന്നെയാണോ? ''
എന്താ, അത് പച്ചയല്ലേ?'' എന്ന് ഒരു മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
ആയിരിക്കാം! ആണോ എന്ന് നമുക്ക് വിശകലനം ചെയ്ത് നോക്കിയാലോ?
സൂര്യപ്രകാശം ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്നതില്‍ നിന്നും, നമ്മുടെ കണ്ണുകളുടെ ദിശയിലേക്ക് പ്രപതിഫലിക്കുന്ന രശ്മികള്‍ ചേര്‍ന്ന് ഒരു തലതിരിഞ്ഞ ചിത്രമായി കണ്ണുകളുടെ റെറ്റിനയില്‍ പതിയുന്നു.
നമ്മുടെ ബുദ്ധി അത്, തലച്ചോറില്‍ അതു വരെ റിക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന കാഴ്ചകളില്‍ നിന്നും അപ്പോള്‍ ഓര്‍മ്മയില്‍ വരുന്ന വിവരങ്ങളുമായി താരതമ്യം ചെയ്ത്, തലതരിഞ്ഞത് നേരെയാക്കി പ്രോസസ്സ് ചെയ്ത്, ഒരു നിര്‍വചനവും കൊടുത്ത്, ഏറ്റവും പുതിയ കാഴ്ചയായി തലച്ചോറില്‍ റിക്കോര്‍ഡ് ചെയ്യുന്നു.
പിന്നീട് കാണുന്ന ഓരോ കാഴ്ചകളുമായി നിരന്തരം താരതമ്യം ചെയ്യുകയും,റിക്കോര്‍ഡ് ചെയ്യുകയും, നിഗമനങ്ങളില്‍ എത്തുകയും ചെയ്തുകൊണ്ടേയിരിക്കും.
ഇതല്ലേ നമ്മുടെ കാഴ്ച എന്ന പ്രകിയ?
അതേ.
ഇനി നിറം -
വസ്തുക്കളില്‍ വന്നു വീഴുന്ന പ്രപകാശത്തില്‍ നിന്ന്,
ആ വസ്തു ആഗിരണം ചെയ്യാത്ത നിറങ്ങള്‍ മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്.
എല്ലാ നിറങ്ങളും ആഗിരണം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ അത് സുതാര്യമായി നിന്ന് കണ്ണുകള്‍ക്ക് കാണാന്‍ പോലും സാധിക്കാതെ അദൃശ്യമായി പോകുമായിരുന്നു.
പച്ച ഇലയില്‍ വീഴുന്ന സൂര്യപ്രകാശത്തിലെ ഏഴുനിറങ്ങളില്‍ വയലറ്റ്, ഇന്‍ഡിഗോ, ബ്ളൂ, യെല്ലോ, ഓറഞ്ച്, റെഡ് എന്നീ നിറങ്ങള്‍ ഇലയില്‍ ആഗിരണം ചെയ്യപ്പെടുന്നു.
പച്ച നിറം മാത്രം ആഗിരണം ചെയ്യപ്പെടാതെ പ്രതിഫലിക്കുന്നു, അതുകൊണ്ട് ഇല പച്ച നിറമുള്ളതായി നമുക്ക് കാണപ്പെടുന്നു.
പക്ഷേ ഇലയുടെ ഭാഗത്തു നിന്നും നോക്കിയാലോ?
പച്ചയൊഴികെ പ്രപഞ്ചത്തിലെ മറ്റ് എല്ലാ നിറങ്ങളും ചേര്‍ന്നതാണ് തന്‍റെ നിറം എന്നായിരിക്കില്ലേ ആ ഇല ധരിച്ചു വെച്ചിരിക്കുന്നത്?
ഇതു കേട്ടതും അദ്ദേഹത്തിന്‍റെ മുഖഭാവം മാറി.
എന്‍റെ നിലയും വിലയും ഇങ്ങനെ ഞാന്‍ മാത്രം ധരിച്ചു വെച്ചിരിക്കുന്നതാണ്, എന്നാണോ ജോര്‍ജ്ജ് സാറ് പറഞ്ഞു വരുന്നത്? അതുകൊണ്ട് ഏതെങ്കിലും ഒരു ചെറുക്കന് മകളെ പിടിച്ച് കൊടുക്കണം അല്ലേ?
അല്ലേയല്ല! താങ്കള്‍ ബന്ധം തിരയുന്ന ഇപ്പോഴത്തെ ശൈലി ഇതുവരെ ഫലപ്രദമാകാതെ വന്നതിനാല്‍, താങ്കള്‍ക്കു വേണ്ടി, വേറൊരു ശൈലി കണ്ടുപിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
അതിനുള്ള പശ്ചത്തലം ഒരുക്കാനാണ് ഇലയുടെ നിറത്തിന്‍റെ ഫിലോസഫി പറഞ്ഞത്.
സാറു പ്രതിഫലിപ്പിക്കുന്ന നിറമാണ് മറ്റുള്ളവര്‍ കാണുന്നത്.
മറ്റുള്ളവര്‍ ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്ന നിറം മാത്രമേ സാറിനു കാണാന്‍ സാധിക്കൂ എന്നും മറക്കരുത്.
മകളെ ഏതെങ്കിലും ഒരു ചെറുക്കന് പിടിച്ച് കൊടുക്കാന്‍ പറ്റില്ല.
അവള്‍ക്ക് ചേരുന്ന, തൃപ്തി തോന്നുന്ന, ഒരു പുരുഷന്‍റെ ഭാര്യ ആയി ജീവിതം ആസ്വദിച്ച് മുന്നേറാന്‍ അവസരം ഉണ്ടാകണം എന്നതായിരിക്കണം നിങ്ങളുടെ പ്രാര്‍ത്ഥന.
അവന്‍റെ മാതാപിതാക്കളോടും ബന്ധുക്കളോടും തൃപ്തിയോടെ ഇടപെടാനും, ഒരുമയോടെ പ്രവര്‍ത്തിക്കാനും ഇരു കൂട്ടര്‍ക്കും സാധിക്കണം.
ആ ഇടപെടലുകള്‍ നിങ്ങള്‍ക്ക് ആസ്വാദ്യകരമാകുകയും വേണം. അതിന് നിലയും വിലയും അളന്നു തൂക്കി മാത്രം ഇടപെടുന്ന ശൈലി തടസ്സം സൃഷ്ടിക്കുന്നുണ്ടാവാം എന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്.
''മാറി ചിന്തിക്കൂ!'' ഇക്കാലത്തെ ചില പരസ്യങ്ങളില്‍ കണ്ടു വരുന്ന ഒരു വാചകമാണിത്.
നമുക്കും മാറി ചിന്തിച്ചു നോക്കാം. ഏതൊരു കാര്യം ചെയ്തു കഴിയുമ്പോഴും മിക്ക മനുഷ്യരും ആഗ്രഹിക്കുന്ന പൊള്ളയായ നേട്ടങ്ങളില്‍ ഒന്നാണ് പബ്ളിസിറ്റിയുടെ പൊങ്ങച്ചം.
എന്നാല്‍ മനുഷ്യരെല്ലാം അര്‍ഹിക്കുന്ന അര്‍ത്ഥവത്തായ ഒന്നുണ്ട് -
''ആത്മ സംതൃപ്തി''.
അതായിരിക്കണം ഇനി നമ്മുടെ പ്രഥമ പരിഗണന.
ഒരു ഫാമിലി യൂണിറ്റ് മീറ്റിംഗിന് ചെന്നപ്പോള്‍, സുവിശേഷഭാഗ്യങ്ങള്‍ എന്ന ഭാഗമാണ് അന്ന് വായിക്കാനുണ്ടായിരുന്നത്.
വികാരിയച്ചന്‍ ഓരോരുത്തരോടായി വിചിന്തനം പറയാന്‍ ആവശ്യപ്പെട്ടു.
ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന വചനത്തിന് പറ്റിയ ഉദാഹരണം ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ലല്ലോ എന്ന് വിഷമിച്ച് ഞാന്‍ വികാരിയച്ചനെ നോക്കി. സ്വതസിദ്ധമായ പുഞ്ചിരിയോടെ വളരെ സ്വസ്ഥമായി ഇരിക്കുകയാണ് അദ്ദേഹം.
അച്ചന്‍ സ്ഥലം മാറി പോകുകയാണ്. ഇടവക ജനത്തിനെല്ലാം കണ്ണിലുണ്ണിയാണ് ഈ അച്ചന്‍. കടബാദ്ധ്യതയൊന്നും വരുത്താതെ, അഞ്ചു കോടിരൂപ ചിലവുചെയ്ത് മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചു എന്നു മാത്രമല്ല, കിട്ടാക്കുറ്റിയായി കിടന്ന അനേക ലക്ഷം രൂപയുടെ വാടകകുടിശ്ശിക എഴുത്തുകുത്തുകള്‍ നടത്തി പിരിച്ചെടുത്ത്, പള്ളിക്ക് സാമ്പത്തിക ഭദ്രതയും ഉറപ്പാക്കിയിട്ടാണ് അദ്ദേഹം പോകുന്നത്.
പക്ഷേ ആ നോട്ടങ്ങളുടെ പൊങ്ങച്ചമൊന്നും അദ്ദേഹത്തിന്റെ വാക്കിലോ ഭാവത്തിലോ പെരുമാറ്റത്തിലോ അശേഷം നിഴലിക്കുന്നില്ല.
നിങ്ങളുടെ നല്ല മനസ്സും തമ്പുരാന്റെ സഹായവും കൊണ്ട് ഇത് ഒക്കെ അങ്ങ് നടന്നു കിട്ടി എന്നു മാത്രമാണ് അച്ചൻ പറയാറുള്ളത്.
കുടിശ്ശിക പിരിച്ചെടുത്തത് ആ പ്രിൻസു ചേട്ടൻ മിനക്കെട്ട് ഓടി നടന്നിട്ടാണ് എന്നാണ് അച്ചന്റെ നിലപാട്.
നേട്ടങ്ങളുടെ ക്രെഡിറ്റ് മുഴുവൻ സ്വയം ഏറ്റെടുത്ത്, അഞ്ചു കോടിയുടെ പള്ളി പണിത പുള്ളിയാ ഞാൻ എന്നായിരുന്നു അച്ചൻ ഭാവിച്ചിരുന്നതെങ്കിൽ, അച്ചന്റെ ആത്മാവിൽ ദാരിദ്ര്യത്തിനു പകരം അഞ്ചു കോടിയുടെ സമ്പത്ത് ആണ് ഉണ്ടാകുമായിരുന്നത്.
പക്ഷേ ഓരോ കാര്യത്തിനും ഇടവക ജനത്തെ പങ്കു ചേര്‍ത്ത് പ്രശംസയും അംഗീകാരവും എല്ലാം അവരുടെ പ്രയത്നത്തിന് കൊടുക്കുന്ന അച്ചന്റെ മനോഭാവം, ആത്മാവിലെ ദാരിദ്രത്തിന് ഒരു നല്ല ഉദാഹരണമായി എനിക്ക് തോന്നി.
ആത്മാവിന് തൃപ്തി തോന്നണമെങ്കിൽ അവിടെ സമ്പൂർണ്ണ ദാരിദ്രം അവശ്യം ഉണ്ടായിരിക്കണം.
തമ്പുരാന്റെ ദാനമല്ലാതെ മറ്റൊന്നും കൈവശമില്ല എന്ന ബോദ്ധ്യം വേണം.
കൈവശം ഉള്ളതെല്ലാം തമ്പുരാൻ മേൽനോട്ടത്തിന് ഭരമേൽപിച്ച സ്ഥാനങ്ങളും, ചുമതലകളും, ആളുകളും, വസ്തുവകകളുമാണ് എന്ന മനോഭാവത്തോടെ ചുറ്റും നോക്കിയാൽ നമ്മുടെ നിലയ്ക്കും വിലയ്ക്കും പലവിധത്തിൽ ചേരുന്നവരെ കാണാൻ കഴിയും. ചേരാത്തവരോട് ഇടപെടേണ്ടി വരുമ്പോഴും ഒരു നീരസവും തോന്നുകയില്ല.
പിന്നെ വിശ്വാസം വേണം. സാറിന്റെ മകൾക്കു വേണ്ടി തമ്പുരാൻ അനാദിയിലേ നിശ്ചയിച്ചു വെച്ചിരിക്കുന്ന ഒരുവനുണ്ട് എന്ന് ഉറച്ച് വിശ്വസിക്കണം.
അവനെ കാണുമ്പോൾ തിരിച്ചറിയാനും, അവനോടും കുടുംബത്തോടുമുള്ള ഇടപെടലുകളിൽ തൃപ്തി അനുഭവിക്കാനും, അങ്ങയുടെ ആത്മാവിലെ ദാരിദ്ര്യം തീർച്ചയായും അങ്ങയെ സഹായിക്കും.
പ്രിയപ്പെട്ടവരേ, സ്വന്തം കണ്ണുകൾ കാണുന്നതുപോലും നമ്മുടെ ബുദ്ധി വിവർത്തനം ചെയ്തു തരുന്നതു പോലെയേ നമ്മൾക്ക് മനസ്സിലാക്കാൻകഴിയുകയുള്ളൂ.
റെറ്റിനയിൽ പതിയുന്നത് തലതിരിഞ്ഞ ചിത്രങ്ങളാണ് എന്ന് നമ്മൾക്ക് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല.
അതിനു മുമ്പു തന്നെ ബുദ്ധി അത് വിവർത്തനം ചെയ്ത് നേർക്കാഴ്ച ആക്കി നമ്മളെ ധരിപ്പിച്ചിരിക്കും.
ഒരേകാഴ്ച ഓരോരുത്തരും മനസ്സിലാക്കുന്നത് അവരവരുടെ തലച്ചോറിൽ മുമ്പ് റിക്കോർഡ് ചെയ്യപ്പെട്ടിട്ടുുള്ള കാര്യങ്ങളുമായി ബന്ധപ്പെടുത്തി ആയിരിക്കും.
ഞാൻ കാണുന്ന പച്ച നിറവും നിങ്ങൾ കാണുന്ന പച്ചനിറവും വേറേ വേറേ ആയിരിക്കാം.
ഒരേ പശ്ചാത്തലത്തിൽ ജനിച്ചു വളർന്നവരിൽ പോലും കാഴ്ചപ്പാടിൽ വലിയ അന്തരം ഉണ്ടാകാറുണ്ട്.
ബുദ്ധി ഉപയോഗിച്ച് പൊരുത്തം നോക്കുന്നതിനോടൊപ്പം തന്നെ ഹൃദയം ഉപയോഗിച്ചും പൊരുത്തം തേടണം എന്നു പറയുന്നത് ഇതു കൊണ്ടാണ്.
Because Brain Interprets all available data, But Heart senses what it experience.
അതിനാൽ തന്നെ പെണ്ണുും ചെറുക്കനും നേരിൽ കണ്ട ശേഷം മാത്രമേ വിവാഹത്തിന് വാക്കു കൊടുക്കാൻ പാടുള്ളൂ.
പെണ്ണും ചെറുക്കനും ഹൃദയം കൊണ്ടു കൂടി പരസ്പരം സമ്മതം കൊടുക്കണം.
വിവാഹം നിശ്ചയിച്ച ശേഷം കുറ്റവും കുറവും പറഞ്ഞ് പൊങ്ങച്ചം കാണിക്കരുത്.
ഉദാഹരണത്തിന്:
കുറച്ച് കറുത്തിട്ടാണെന്നേ ഉള്ളൂ കാണാൻ സ്മാർട്ടാ.
ക്വാളിഫിക്കേഷൻ പോരാ, പക്ഷേ നല്ല വരുമാനം ഉണ്ട്.
ഞങ്ങളുടെ അത്രയും ഒന്നും ഇല്ല, എന്നാലും നല്ല ആൾക്കാരാ.
ഞങ്ങൾക്ക് അത്രയ്ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ല, പക്ഷേ അവന് അവളേ തന്നെ മതി, അതുകൊണ്ട് സമ്മതിച്ചതാ.
ഈ കമന്റുകളും ചിന്തകളുമൊക്കെ ഭാവിയിൽ പൊട്ടിമുളച്ചേക്കാവുന്ന വലിയ പ്രശ്നങ്ങളുടെ ചെറിയ വിത്തുകളാണ് എന്ന് പലരും മനസ്സിലാക്കുന്നില്ല.
പൂർണ്ണ തൃപ്തിയില്ലാതെ മനസില്ലാമനസ്സോടെ തീരുമാനങ്ങൾ എടുക്കുന്നതും, ഒന്നിലും തൃപ്തി വരാതിരിക്കുന്നതും, ആത്മാവിലെ ദാരിദ്ര്യത്തിന്റെ കുറവു കൊണ്ട് സംഭവിക്കുന്നതാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം ലഭിച്ചാൽ മതി, മനസ്സിലെ ചാഞ്ചല്യവും അസ്വസ്ഥതകളും അടങ്ങിക്കൊള്ളും.
അപ്പോൾ പിന്നെ ഉചിതമായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ ഇടയാകും.
ആവശ്യങ്ങൾ ഓരോന്നും നടന്നു കിട്ടുകയും, അതിൽ തൃപ്തി അനുഭവപ്പെടുകയും ചെയ്യും
അതുകൊണ്ടാ കർത്താവ് പറഞ്ഞത്
"ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ" എന്ന്.