''എന്റെ ജോർജ്ജ് സാറെ, നല്ല ഒന്നാന്തരം ഒരു കല്യാണാലോചന ഏതാണ്ട് ഉറപ്പിച്ചപോലെ ആയതാ.
ഞങ്ങടെ മകന്റെ നാക്കിന്റെ മിടുക്കുകൊണ്ട് അതു മാറിപ്പോയി.
ആ കൊച്ചിനെ അവന് വളരെ ഇഷ്ടമാണ്, പക്ഷെ പറഞ്ഞുവന്നപ്പോൾ കുരുത്തക്കേടാണ് നാക്കിൽ ഉദിച്ചത്.
എന്റെ മകനാണെങ്കിലും ഉള്ളതു പറയണമല്ലോ, വല്യ ഉദ്യോഗസ്ഥനായിട്ടൊന്നു കാര്യമില്ല, വകതിരിവ് വേണം.
സംഭവം ഞാനറിഞ്ഞു അച്ചായാ. ആ കൊച്ചിനോട് നിനക്കിത്തിരി കോങ്കണ്ണുണ്ടല്ലോ എന്നവൻ പറഞ്ഞു അല്ലേ?
ആ കാര്യം ഇനി നോക്കണ്ട. ആ കുട്ടിക്ക് വേറെ കല്യാണം നിശ്ചയിച്ചു.
ആ കൊച്ചിനെ ഞാൻ കണ്ടിട്ടുള്ളതാ. അവൾക്ക് കോങ്കണ്ണില്ല എന്നു മാത്രമല്ല, കണ്ണുകൾക്ക് ഒരു പ്രത്യേക അഴകും ചന്തവും ഉണ്ട്. പണ്ടത്തെ വാൽവ് റേഡിയോയുടെ 'മാജിക് ഐ' പോലെയാണ് ആ കുട്ടി കണ്ണു ചിമ്മി തുറക്കുന്നത് എന്നാണ് ഇപ്പോൾ അവളെ കെട്ടാൻ പോണ ഇലക്ട്രോണിക്സ് എൻജിനീയർ അവളോട് പറഞ്ഞതത്രെ.
അവളുടെ കണ്ണിന്റെ വശ്യത കണ്ടിട്ട് അതിനെ കോങ്കണ്ണായിട്ട് ആണ് അച്ചായന്റെ മകൻ ചിത്രീകരിച്ചത്. മറ്റൊരു പുരുഷൻ അതിനെ മാന്ത്രികക്കണ്ണ് ആയി ചിന്തിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. സ്വാഭാവികമായും രണ്ടാമത്തെ പുരുഷനല്ലേ അവൾക്ക് കൂടുതൽ യോജിച്ചത്. അവരുടെ പൊരുത്തം കൂടുതൽ ഉറപ്പിക്കാൻ, അച്ചായന്റെ മകനെ ഒരു നിമിത്തമായി, ദൈവം അയച്ചതാണ്. അതുകൊണ്ട് മോന്റടുത്ത് വഴക്കും ബഹളവുംവെച്ച് അവനെ ഇനി വിഷമിപ്പിക്കേണ്ട. അവന്റെ പെണ്ണും ഒരു നിമിത്തംപോലെ നിങ്ങളുടെ മുന്നിൽ വരും ഉറപ്പാ.
സാധാരണയിൽ നിന്നും വ്യത്യസ്തമായ എന്തിനെയും ആദ്യം അൽപം പരിഹാസത്തോടെ വീക്ഷിക്കുന്ന ഒരു സ്വഭാവം നമ്മളിൽ ഒളിഞ്ഞു കിടപ്പുണ്ടോ എന്ന് ചിന്തിക്കണം. മറ്റൊരു വ്യക്തിയുമായി ഇടപെടുമ്പോൾ അയാളുടെ നല്ല വശങ്ങൾ കണ്ടെത്തി അതിശയോക്തി കൂടാതെ, അതിനെ ആത്മാർത്ഥമായി പ്രശംസിക്കാൻ, നമുക്കും വിവേകം ലഭിക്കണേ എന്ന് പ്രാർത്ഥിക്കാം.
George Kadankavil - December 2006