''ഞങ്ങൾ പതിനഞ്ചുപേര് കല്യാണം ഉറപ്പിക്കാൻ ഈ ഞായറാഴ്ച ചെല്ലുമെന്ന് അറിയിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കിപ്പോൾ കുറച്ച് അസൌകര്യം ഉണ്ട്. ജോർജ്ജ്സാറ് അവരെ വിളിച്ച് നയത്തിൽ ഇതൊന്ന് ഒഴിവാക്കി തരാമോ?
നല്ല ഒരു ആലോചന മുറുകി വന്നിട്ട് മുടങ്ങിപ്പോകന്നതിൽ ഇച്ഛാഭംഗം തോന്നിയെങ്കിലും ഞാൻ പറഞ്ഞു അതിനെന്താ അച്ചായാ നിങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം പറയുന്നതല്ലേ ഞങ്ങളുടെ പ്രധാന ദൌത്യം, ഇപ്പോൾത്തന്നെ അവരെ വിളിക്കാം. പക്ഷെ യഥാർത്ഥ കാരണം ഞാൻ കൂടി അറിഞ്ഞിരിക്കണം എന്നു നിർബന്ധിച്ചോട്ടെ?
''നിർബന്ധിക്കേണ്ട, ഉള്ളത് ഞാൻ പറയാമല്ലോ, ഒന്നുരണ്ട് ഫോൺ വന്നിരുന്നു. പിന്നെ ഇന്നത്തെ പോസ്റ്റിൽ ഒരു കത്തും. അനോനിമസ്സാ (Anonymous) അവരുടെ ശത്രുക്കള് ദ്രോഹിക്കാനായി ചെയ്യുന്നതായിരിക്കും. ശത്രുശല്യം ഒന്നുമില്ലാത്ത ഒരു കുടുംബവുമായിട്ട് പോരെ ബന്ധുത എന്നാണ് എന്റെ ചിന്ത.''
അച്ചായാ. വളരെ പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ട ഒരു വിഷയമായതുകൊണ്ട് എല്ലാവശങ്ങളും പരിഗണിക്കാൻ വേണ്ടി ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ?
ദൈവപുത്രനായിട്ടും, ജീസസ്സിന് ശത്രുക്കളുണ്ടായിരുന്നല്ലോ. വർഷങ്ങളോളം കൂടെ നടന്ന് അറിവും ജ്ഞാനവും നേടിയിട്ടും, തിരിമറികൾ നടത്തുകയും, ഒടുവിൽ തരം കിട്ടിയപ്പോൾ പണത്തിനുവേണ്ടി അവിടുത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത യൂദാസ് കെട്ടിച്ചമച്ച ആരോപണങ്ങളും, അപവാദങ്ങളും, കള്ളസാക്ഷ്യങ്ങളും കൊണ്ട് ദൈവപുത്രനെ കുരിശിലേറ്റിയവർ.
പക്ഷെ അവിടുത്തെ ശിഷ്യന്മാരും മിത്രങ്ങളും മാത്രമല്ല, ഈ ശത്രുക്കളുംകൂടി ചേർന്നതല്ലേ യേശുവിനെ മഹത്വപ്പെടുത്തിയത്.
അതുകൊണ്ട്, ശത്രുശല്യത്തെക്കുറിച്ച് ഭയപ്പെടേണ്ട. നമ്മൾക്ക് വരുന്ന കുരിശുകളിൽ നിന്ന് ഒളിച്ചോടാനോ, ഒഴിഞ്ഞുമാറാനോ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ലന്നേ, അത് വേറേ ഏതെങ്കിലും രൂപത്തിൽ പിന്നെയും വരും.
അച്ചായന്റെ അറിവും, ബുദ്ധിയും, യുക്തിയും ഉപയോഗിച്ച് കേട്ടതിനെക്കുറിച്ച് വസ്തുനിഷ്ടമായി ഒന്ന് അന്വേഷിക്കുക. കാര്യങ്ങൾ ശരിക്കും ബോദ്ധ്യപ്പെട്ട ശേഷം ഒരു തീരുമാനം എടുത്താൽ മതി.
George Kadankavil - October 2006