ഒരു പ്രൊപ്പോസൽ കൊടുത്താൽ അതിനു ഒരു മറുപടി നൽകുന്ന സ്വഭാവം പലർക്കും ഇല്ലല്ലോ. വേണമെന്നോ വേണ്ടെന്നോ അറിയിക്കേണ്ടത് ഒരു സാമാന്യ മര്യാദ അല്ലേ. ഞാൻവളരെ കൃത്യമായി എല്ലാവർക്കും മറുപടി കൊടുക്കാറുണ്ട്. പക്ഷെ ഞാനയക്കുന്നതിന് മറുപടി കിട്ടാറില്ല. ഇതെന്താ സാറെ നമ്മുടെ ആളുകൾ ഇങ്ങനെ പെരുമാറുന്നത്.
അച്ചായൻ പറഞ്ഞത് ഒരു വസ്തുതയാണ്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. കുറെ പേരുടെ അഭിപ്രായവും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുന്നോട്ട് ആലോചിക്കാൻ താൽപര്യം ഉള്ള കത്തിനു മാത്രമെ ആളുകൾ മറുപടി അയക്കാറുള്ളു. വരുന്ന കത്തുകൾക്കെല്ലാം മറുപടി അയക്കാൻ വെറുതെ സമയവും പോസ്റ്റേജും ചിലവാക്കുന്നതുകൊണ്ട് എന്തു പ്രയോജനം എന്നായിരുന്നു മിക്കവരുടെയും പ്രതികരണം. വേണ്ടാ എന്ന് ഒരിക്കൽ പറഞ്ഞുപോയാൽ പിന്നെ അത് വീണ്ടും ആലോചിക്കാൻ വഴി അടഞ്ഞു പോകുമെന്നതിനാൽ ഒന്നും പറയാതിരിക്കുന്നവരും ഉണ്ട്.
ഒരു പ്രൊപ്പോസൽ അയക്കുന്നതിന്റെ മുഖ്യ ഉദ്ദേശം ആ കല്യാണം നടത്താമോ എന്നറിയുകയാണ്, സംശയമില്ല. പക്ഷെ കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്, ഏതെങ്കിലും കുടുംബവുമായി ബന്ധുത ആലോചിക്കുന്നതിന്റെ ഒരുദ്ദേശം ആ കുടുംബങ്ങളുമായി ലോഹ്യത്തിൽ ആകാനും കൂടിയാണെന്ന്. ഇൻഫ്ളുവൻസ് വർദ്ധിപ്പിക്കുക എന്നത് വളർച്ച ആഗ്രഹിക്കുന്നവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്. തറവാടിത്തത്തിന്റെ ലക്ഷണവുമാണ്. വ്യക്തി ആയാലും, സ്ഥാപനം ആയാലും, കുടുംബം ആയാലും ഇടപെടുന്നിടത്തെല്ലാം മതിപ്പ് സൃഷ്ടിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. പറ്റാത്ത ആലോചനയാണെങ്കിൽ കൂടി, അവരുടെ കുടുംബത്തെക്കുറിച്ച് നമുക്കുള്ള മതിപ്പ് പ്രകടിപ്പിച്ചശേഷം, പയ്യന്റെ അല്ലെങ്കിൽ പെണ്ണിന്റെ ആഗ്രഹം വേറെ ആണ് എന്നോ മറ്റോ ഉചിതമായത് പറഞ്ഞ് മാറാമല്ലോ. അതുകൊണ്ട് താൽപര്യമില്ലാത്ത കത്തുകൾക്ക് മറുപടി അയക്കുന്നതിൽ ഒരു പ്രയോജനവും ഇല്ല എന്നു കരുതേണ്ട.
നൂറുകണക്കിന് വിവാഹാലോചന കത്തുകൾ ഞാൻ കാണുന്നുണ്ട്. പലതരത്തിലുള്ള കത്തുകളുണ്ട്. ബയോഡേറ്റ മോഡലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ഇത് നമ്മളെക്കുറിച്ചുള്ള വിവരങ്ങളുടെ ഡേറ്റ ആണ്. ഇതു വായിക്കുമ്പോൾ വ്യക്തിപരമായ ഒരു സ്പർശം ഉണ്ടാകുന്നില്ല. വായിച്ചപ്പോൾ മനസ്സിലായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് ആലോചിക്കാൻ താൽപര്യം ഉണ്ടായെങ്കിൽ മാത്രം മറുപടി ലഭിക്കും. ഇതാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്.
ഇനി കത്തിലെ വിവരങ്ങൾ ഒന്നു ശ്രദ്ധിക്കാം. അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലാത്ത ബയോഡേറ്റ മുതൽ വിവാഹാർത്ഥി ആരെന്നു പോലും മനസ്സിലാക്കാനാവാത്ത വലിയ ചരിത്രങ്ങൾ വരെ എഴുതിയിരിക്കുന്ന കത്തുകൾ കണ്ടിട്ടുണ്ട്. കത്തിൽ എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്? അതു വായിക്കുന്ന ആളിന് എന്താണ് മനസ്സിലാകുന്നത്? ഇതറിയാൻ മറ്റാരെയെങ്കിലും കൊണ്ട് വായിപ്പിക്കണം, വിലയിരുത്തണം. ആലോചിക്കാൻ താൽപര്യം ഉണ്ടായ കത്തിനു മാത്രമെ ആളുകൾ മറുപടി അയക്കാറുള്ളു, അതുകൊണ്ട് താൽപര്യം ഉണ്ടാകുന്നവിധം കത്തയക്കണം. കള്ളം എഴുതണമെന്നല്ല, വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ അവതരിപ്പിക്കണം. വേണ്ടാത്തത് എഴുതരുത്.
കൈകൊണ്ട് എഴുതിയ കത്തുകൾക്ക് ഒരു പേഴ്സനൽ ടച്ചുണ്ട്, നല്ല കയ്യക്ഷരം കൂടിയാണെങ്കിൽ കൂടുതൽ മതിപ്പുളവാകും. എന്നാൽ വായിക്കാൻ പറ്റാത്ത കയ്യക്ഷരമാണെങ്കിൽ പരിഗണിക്കപ്പെടാതെയും പോകും. കംപ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്ത് ഫോട്ടോ കോപ്പി എടുക്കാം. പക്ഷെ കോപ്പി എടുക്കാം. പക്ഷെ കോപ്പിയുടെ, കോപ്പികൾ എടുത്ത് അക്ഷരങ്ങൾ മാഞ്ഞുപോയതും, മറ്റാർക്കോ അയക്കാൻ വേണ്ടി തയ്യാറാക്കിയ ബയോഡാറ്റയിൽ ഏതാനും ഭാഗങ്ങൾ വെട്ടിതിരുത്തിയ കത്തുകളും വിപരീത ഫലം ചെയ്യാറുണ്ട്. അയക്കുന്ന ആളിന് വൃത്തിയായിട്ടൊരു കത്തയ്ക്കാൻ താൽപര്യം ഇല്ലെങ്കിൽ, പിന്നെ വായിക്കുന്ന ആളിന്, എന്തു താൽപര്യമാണുണ്ടാവുക.
ഫോട്ടോ സഹിതം അയക്കുന്ന കത്തിൽ, യോജിക്കാത്ത പക്ഷം ഫോട്ടോ തിരികെ അയക്കുമല്ലോ എന്നെഴുതുന്നതും, മറുപടി കിട്ടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. നല്ല ഫോട്ടോ എടുക്കാൻ ശ്രദ്ധിക്കുന്നതുപോലെ തന്നെ പ്രാധാന്യമുണ്ട് നല്ല ബയോഡേറ്റയും കത്തുകളും തയ്യാറാക്കുന്നതിനും. ഈമെയിൽ ഉള്ളവർക്ക് ഫോട്ടോ അയക്കാനും, മറുപടി ലഭിക്കാനും കൂടുതൽ എളുപ്പമുണ്ട്.
ഭാവിയിലെ ബന്ധുവിനാണ് കത്തെഴുതുന്നത് എന്ന ഉൾകാഴ്ചയോടെ, ഊഷ്മളമായ ഭാഷയിൽ, വിവരങ്ങളെല്ലാം വേണ്ടവിധം അടുക്കും ചിട്ടയുമായി അവതരിപ്പിച്ചുകൊണ്ട് എഴുതിയിരിക്കുന്ന കത്തുകൾ ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കത്തിന് മറുപടി അയക്കാൻ ആർക്കാണെങ്കിലും ഉൽസാഹം തോന്നും.
George kadankavil - August 2006