എന്റെ മോന്റെ കല്യാണക്കാര്യം കുറച്ച് പ്രശ്നത്തിലാണ്. അവന് ഒരു പെണ്ണിനെ ഇഷ്ടമാ. പക്ഷെ പെണ്ണിന് പ്രായവും കൂടുതലാ, പൊക്കവും കൂടുതലാ, ഇത് ശരിയാകുമോ. വല്ലവരും കേട്ടാൽ എന്തുപറയും. ഇവനിങ്ങനെ കെട്ടിയാൽ ഇളയ മകളുടെ കല്യാണത്തിനും അതും പ്രശ്നം ആകില്ലേ?
ആകുലത നിറഞ്ഞ സ്വരത്തിൽ ഒരു പിതാവ്, തന്റെ വിഷമങ്ങൾ ഏകദേശം പറഞ്ഞു നിർത്തി.
അച്ചായാ, പണ്ട്, ആദിയിൽ,ദൈവം ലോകം സൃഷ്ടിച്ചുകൊണ്ടിരുന്ന സമയത്ത് നാല് മാലാഖമാർ വന്ന് ദൈവത്തിന്റെ ചുറ്റുംകൂടി. തമ്പുരാന്റെ പണികൾ കുറേനേരം കണ്ടുനിന്നിട്ട് ഒന്നാമത്തെ മാലാഖ ചോദിച്ചു, ദൈവമേ, ഇത് വളരെ അതിശയമായിരിക്കുന്നല്ലോ. എങ്ങിനെയാ ഇത് സൃഷ്ടിക്കുന്നതെന്ന് എന്നെ പഠിപ്പിക്കാമോ?
ദൈവത്തിന്റെ ബൃഹത്തായ പണികൾ മനസ്സിലാക്കുവാൻ ഉൾക്കാഴ്ചയില്ലാഞ്ഞിട്ടാകണം രണ്ടാമത്തെ മാലാഖ ചോദിച്ചു. ദൈവമെ എന്തിനാ ഇതെല്ലാം സൃഷ്ടിക്കുന്നത്.
മൂന്നാമത്തെ മാലാഖയ്ക്ക് ഈ സൃഷ്ടികളുടെ അനന്തമായ സാദ്ധ്യതകൾ പെട്ടെന്ന് മനസ്സിലായി. വളരെ കൌശലപൂർവ്വം അദ്ദേഹം ചോദിച്ചു. ദൈവമെ, ഇതെല്ലാം സൃഷ്ടിച്ചു കഴിയുമ്പോൾ എന്നെ ഏൽപ്പിക്കാമോ, ഞാൻ ഭംഗിയായി നടത്തിക്കൊള്ളാം.
നാലാമത്തെ മാലാഖയുടെ ശ്രദ്ധയിൽ പെട്ടത്, സൃഷ്ടികർമ്മത്തിന്റെ അപാരമായ അർത്ഥ വ്യാപ്തിയും വീക്ഷണവുമാണ്. ഇത്ര മഹത്തായ ഈ പദ്ധതിയുടെ ഒരു ചെറിയ ഭാഗമെങ്കിലുമായിത്തീരുന്നത് എത്ര മഹനീയമായിരിക്കും എന്നു കരുതിയ മാലാഖ ചോദിച്ചു. ദൈവമെ ഒരു സഹായിയായിട്ട് എന്നെയുംകൂടി ഇതിൽ ചേർക്കാമോ?
ഒന്നാമത്തെ മാലാഖ ഒരു ശാസ്ത്രജ്ഞനായിരിക്കാം. പദ്ധതിയിൽ നിന്നും സ്വയം വേർപെടുത്തി മാർഗ്ഗങ്ങളുടെ പൊരുൾ ഭൌതികതലത്തിൽ കണ്ടെത്തുവാൻ ആഗ്രഹിക്കുന്നു. മാർഗ്ഗം ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
രണ്ടാമത്തേത് തത്വചിന്തകനാണ്. എന്തുത്തരം കൊടുത്താലും, അതേ ചോദ്യം വീണ്ടും ആവർത്തിക്കാം. എന്തിനുവേണ്ടിയാ? നിർവചിക്കാൻ പോലും സാധിക്കില്ല അദ്ദേഹത്തിന്റെ ലക്ഷ്യം.
മൂന്നാമത്തേത് രാഷ്ട്രീയ ശൈലിയാണ്. സാദ്ധ്യതകൾ ഉള്ളിടത്തെല്ലാം നിയന്ത്രണം കയ്യാളുവാൻ ആഗ്രഹിക്കുന്നു. ദൈവംതമ്പുരാന്റെയാണെങ്കിലും ശരി, ചരട് എന്റെ കയ്യിൽ വേണം. അധികാരമാണ് ലക്ഷ്യം.
നാലാമത്തെ മാലാഖ സൃഷ്ടിയുടെ ദൈവമഹത്വമാണ് ദർശിക്കുന്നത്. നല്ലത് ചെയ്യുവാൻ മനസ്സുമുണ്ട്. ദൈവത്തിന്റെ പദ്ധതിലെ പങ്കാളിത്തത്തിന്റെ തൃപ്തിയാണ് ലക്ഷ്യം.
ഈ നാലുപേരും നമ്മുടെ ഉള്ളിലും ഉണ്ട്, എങ്കിലും, നാലാമത്തെ മാലാഖയോട് ചേരുമ്പോഴാണ് നമ്മുടെ ചെയ്തികൾക്ക് അർത്ഥവും തൃപ്തിയും പൂർണ്ണതയും ലഭിക്കുന്നത്. തമ്പുരാന്റെ മഹത്തായ പദ്ധതിയിൽ മകന്റെ കല്യാണം ഇങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിൽ, തമ്പുരാന്റെ പദ്ധതിപോലെതന്നെ നടക്കട്ടെ.
പൊക്കത്തിന്റെയും പ്രായത്തിന്റെയും നാട്ടുനടപ്പുകൾ തെറ്റിച്ചാൽ ആളുകൾ എന്തുപറയും എന്നതല്ലേ അച്ചായന്റെ ഇപ്പോഴത്തെ പേടി. തെറ്റിക്കുന്നതിനു മുൻപുതന്നെ നമുക്ക് ആളുകളോടു ചോദിക്കാം. ഞാനൊരു കാര്യം ചെയ്യാം, നമ്മുടെ വൈവാഹിക സംഗമമുണ്ട് പല തരത്തിലുള്ള പ്രഗൽഭരും, പ്രശസ്തരും, നല്ല തറവാട്ടുകാരും ഒക്കെയായി ധാരാളം മാതാപിതാക്കളും, മക്കളും വരുന്നുണ്ട്. നമുക്കവിടെ എല്ലാവരോടും ചോദിക്കാം. ഇത് ചർച്ചചെയ്യാം. അച്ചായനും വരണം.
George Kadankavil - May 2006