Back to articles

ആരാ ആദ്യം പറയണ്ടത് ?

April 01, 2006

പെണ്ണുകാണൽചടങ്ങിന്റെ പ്രാർത്ഥന ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു. ആ പേപ്പർ കട്ടിംഗും കൊണ്ടാണ് അന്നു പെണ്ണുകാണാൻ പോയതും. ആ പ്രാർത്ഥന ചൊല്ലി, പെണ്ണിനെയും ചെറുക്കനെയും തനിച്ചു സംസാരിക്കാൻ വിട്ടിട്ട് ഞങ്ങളു കാരണവൻമാർ വർത്തമാനം പറഞ്ഞിരുന്നു. നല്ല ആൾക്കാരാ, ഞങ്ങൾക്ക് ചേരും. മകന് കുട്ടിയെ  ഇഷ്ടമായി. ആലോചിക്കാൻ ഒരുദിവസം സമയവും എടുത്തു. ഇനി എന്താ ചെയ്യേണ്ടത്. ആരാ ആദ്യം  വിളിക്കേണ്ടത്. ഞങ്ങൾക്ക് സമ്മതമാണെന്ന് അങ്ങോട്ടു പറയുമ്പോൾ, അവർക്ക് സമ്മതമല്ല എന്നാണ് ഇങ്ങോട്ടു പറയുന്നതെങ്കിൽ വിഷമം ആയിപ്പോകില്ലേ.

താങ്കളുടെ വീട്ടിലെ ആദ്യത്തെ കല്യാണമല്ലേ, അതാ ഇങ്ങനൊരു സംശയം വരുന്നത്. പക്ഷെ മറ്റു ചില ആൾക്കാരുണ്ട്, സമ്മതമാണെന്നു പറഞ്ഞാൽ സ്വത്തു സംബന്ധമായി നെഗോഷ്യേറ്റ് ചെയ്യാൻ പറ്റാതെ പോയെങ്കിലോ എന്നു കരുതിയിട്ടായിരിക്കാം, സമ്മതമാണെന്നും അല്ലെന്നും പറയാതെ വെച്ചുരുട്ടിക്കൊണ്ടിരിക്കും. സാമ്പത്തിക പരിഗണനകൾ കൊണ്ട്, സമ്മതം പറയുന്നത് വൈകിക്കുന്ന പെൺകൂട്ടരും ഉണ്ട്. ഈ പെൺകുട്ടിയുടെ  കാര്യത്തിൽ, അവളുടെ സ്വത്തുവിഹിതം സംബന്ധിച്ച് അവര് നേരത്തെതന്നെ എല്ലാം അറിയിച്ചിട്ടുണ്ടല്ലോ. അതു കുറവാണെന്നു തോന്നുന്നെങ്കിൽ ഈ ആലോചന വേണ്ട എന്നുവെച്ചാൽ മതി. കൂടുതൽ കിട്ടാൻവേണ്ടി നെഗോഷ്യേറ്റ് ചെയ്യാൻ ശ്രമിക്കരുത്. പിള്ളേരുടെ ഭാവിക്ക് അതു ദോഷം ചെയ്യും.

ഈ കല്യാണത്തിന് നിങ്ങൾക്കും നല്ല താൽപര്യം ആണല്ലോ. ഇനി എന്തെന്നു നമുക്ക് ചിന്തിച്ചുനോക്കാം.

ആരാ ആദ്യം വിളിക്കേണ്ടത്?

പെണ്ണു കാണാനല്ലേ പോയത്, അപ്പോൾ കണ്ടു പോയ ചെറുക്കനല്ലേ മറുപടി പറയേണ്ടത്?

എന്താണ് നിങ്ങൾക്ക് അനുഭവപ്പെട്ടത്?

അവിടെ സംസാരിച്ചിരുന്നപ്പോഴും, പിരിയുമ്പോഴും, അവരുടെ ഭാവത്തിൽനിന്നും, പെരുമാറ്റത്തിൽനിന്നും, നിങ്ങളെ താൽപര്യം ഉള്ളതായി തോന്നിയോ?

എന്തു പറഞ്ഞാണ് പിരിഞ്ഞത്?

പെണ്ണുകാണൽ കഴിഞ്ഞ് എന്തുപറഞ്ഞാണ് നിങ്ങൾ പിരിഞ്ഞത്? അതനുസരിച്ച് മറുപടി കൊടുക്കണം. (ഒന്നും പറയാതെയാണ് പിരിഞ്ഞതെങ്കിൽ ആ പെണ്ണുകാണലിൽ എന്തോ പാളിച്ച പറ്റി എന്നുവേണം  കരുതാൻ. അളിയൻ പറഞ്ഞെന്ന് അപ്പച്ചൻ കരുതി, അപ്പച്ചൻ പറഞ്ഞെന്ന് അളിയനും കരുതി, രണ്ടുപേരും ഒന്നും പറയാതെ പെണ്ണുകാണൽ കഴിഞ്ഞു പോന്ന ഒരു സംഭവം എനിക്കറിയാം. അബദ്ധം മനസ്സിലായ ഉടനെ തന്നെ അപ്പച്ചൻ പെണ്ണിന്റെ വീട്ടിൽ വിളിച്ചു സംസാരിച്ച് ആ കല്യാണം നടക്കുകയും  ചെയ്തു.)

ആരാണ് വിളിക്കേണ്ടത്?

വേണമെന്നു പറയാൻ പയ്യന്റെ അപ്പൻ, ഇല്ലെങ്കിൽ കാരണവർ സ്ഥാനത്തുള്ള ഒരാൾ ആണ് വിളിക്കേണ്ടത്. അമ്മ വിളിച്ചാൽ കുഴപ്പമുണ്ടോ എന്നു ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്. അമ്മ വിളിച്ചെന്നു കരുതി അവരാ മാപ്പിളയെന്ന് മുൻവിധി എടുക്കരുത്. അപ്പന്റെ അസാന്നിദ്ധ്യത്തിലും, വീട്ടിലെ ചില പ്രത്യേക സാഹചര്യത്തിലും, ചിലപ്പോൾ അമ്മ തന്നെ സംസാരിക്കേണ്ടതായി വരാം.  അങ്ങനെ വരുമ്പോൾ മറ്റെ വീട്ടിലെ അമ്മയുമായി ആദ്യം സംസാരിച്ച് ഒരു കമ്യൂണിക്കേഷൻ ചാനൽ തുറന്നു വെക്കാൻ ശ്രദ്ധിക്കുക. സംഭാഷണം കാര്യമത്രം പ്രസക്തമായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ആരെയാണ് വിളിക്കേണ്ടത്?

പെണ്ണുകാണൽ സമയത്ത് ആ വീട്ടിലെ കമ്യൂണിക്കേഷൽ ശൈലിയെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ടാവുമല്ലോ. പെണ്ണിന്റെ അപ്പച്ചനെ, അല്ലെങ്കിൽ അമ്മയെ, നേരിട്ടുതന്നെ വിളിക്കുന്നതാണ് ഉചിതം.

എന്താണ് പറയേണ്ടത്?

പെൺവീട്ടുകാരെ വിളിച്ച്, ഞങ്ങൾക്ക് സമ്മതമാണ് എന്ന് ഒറ്റയടിക്ക് പറയുന്നതിനു പകരം, കുറച്ച് സൌഹൃദ സംഭാഷണം നടത്തണം. പെണ്ണുകാണൽ കഴിഞ്ഞ് എപ്പോഴാണ് വീട്ടിൽ തിരിച്ചെത്തിയത്, ഏതു വഴിക്കാണ് തിരിച്ചുപോന്നത്, മടക്കയാത്രയെക്കുറിച്ച് എന്തെങ്കിലും നല്ല കമന്റ്, അവരുടെ ആതിഥ്യവും, പെരുമാറ്റവും നിങ്ങൾക്ക് ഹൃദ്യമായിരുന്നു, പിന്നെ മകൾ എന്തുപറയുന്നു. അവൾക്ക് താൽപര്യം ആണോ... ഇത്രയൊക്കെ സംസാരിക്കുമ്പോഴേക്കും നിങ്ങൾക്ക് സമ്മതമാണ് എന്നു പറയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വേണ്ട സൂചനകൾ കിട്ടും.

ഇനി എന്താണ് അടുത്ത നടപടി?

അവർക്കും സമ്മതമാണെങ്കിൽ പിന്നെ കാര്യങ്ങൾ വെച്ചു താമസിപ്പിക്കരുത്. അടുത്തപടി എന്താണ് എന്നുകൂടി സംസാരിച്ച് തീരുമാനമെടുക്കണം.

ഏതെങ്കിലും കാര്യത്തെക്കുറിച്ച് പിള്ളേർക്ക് ആശയക്കുഴപ്പമോ ഭിന്നാഭിപ്രായമോ ഉണ്ടെങ്കിൽ കല്യാണം കഴിഞ്ഞാൽ ശരിയാക്കാം എന്നു കരുതി മുന്നോട്ടു നീങ്ങേണ്ട, പൊരുത്തപ്പെടില്ല എന്ന് പെട്ടെന്ന് തീരുമാനിക്കുകയും  വേണ്ട. ഇവർക്ക് ഒരിക്കൽകൂടി കണ്ടു സംസാരിച്ച് ധാരണകൾ വ്യക്തമാകാൻ അവസരം ചോദിക്കണം.

അവർക്കു തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് മറുപടി എങ്കിൽ, നിങ്ങൾക്ക് കുട്ടിയെ ശരിക്കും ഇഷ്ടവുമാണെങ്കിൽ, നിങ്ങൾക്ക് താൽപര്യം ആണ്, ആലോചിച്ച് പിന്നെ പറഞ്ഞാൽ  മതി എന്നുപറഞ്ഞ് ആലോചന മുറിക്കാതെ സംഭാഷണം  നിർത്തണം.

നമ്മളൊരു ആലോചന കൊടുത്തിട്ട് അവരു വേണ്ടെന്നുവെച്ചാൽ, നമ്മൾ മോശക്കാരാണെന്ന് അതിന് അർത്ഥമില്ല. മനസ്സിലെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടാനുള്ള സാദ്ധ്യത അവരുടെ നോട്ടത്തിൽ കാണുന്നില്ല എന്നേ അതിനർത്ഥമുള്ളു. അതൊരു അഭിമാനപ്രശ്നമാക്കി വെറുതെ തല പുണ്ണാക്കരുത്. അവരു വേണ്ടെന്നു പറയും മുമ്പേ നമ്മള് വേണ്ടെന്നു പറയണം എന്ന വാശിയിൽ ടെലിഫോൺകൊണ്ട് തോക്കു ചൂണ്ടി വെടിവെക്കാൻ നിൽക്കുന്ന നിൽക്കുന്ന ഭാവത്തിൽ കല്യാണക്കാര്യം പറയുന്നവരുണ്ട്. തീർത്തും ബാലിശമാണിത്.

George Kadankavil - April 2006

What is Profile ID?
CHAT WITH US !
+91 9747493248