''നല്ല കുടുംബപശ്ചാത്തലവും വിദ്യാഭ്യാസവുമുള്ള പയ്യനാണല്ലോ എന്നുകരുതിയാണ് മകളെ പെണ്ണുകാണാൻ വീട്ടിലേക്ക് ക്ഷണിക്കുന്നത്. പക്ഷെ പയ്യൻ ഏതാനും സുഹൃത്തുക്കളുമായി വന്ന് കളി ചിരി തമാശകൾ നടത്തിയാലോ!
ആരെയും പ്രത്യക്ഷത്തിൽ കുറ്റപ്പെടുത്താതെയാണ് ഒരു രക്ഷകർത്താവ് ഈ മൂല്യച്യുതി മുളയിലെ നുള്ളിക്കളയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.
2006 ജൂലൈ 17ന് കോട്ടയത്ത് നടന്ന 187-ാമത് വൈവാഹിക സംഗമത്തിൽ, പെണ്ണുകാണലിന്റെ മനപ്രയാസങ്ങൾ സജീവ ചർച്ചാവിഷയമായി. ധാരാളം ക്രിയാത്മക നിർദ്ദേശങ്ങൾ 12 ഗ്രൂപ്പുകളിലായി നടന്ന ചർച്ചയിൽ ഉയർന്നുവന്നു.
1. ടെലിഫോണിലൂടെയെങ്കിലും പരിചയപ്പെടുകയും പരസ്പരം ഫോട്ടോകൾ കാണുകയും ചെയ്തശേഷം മാത്രമെ പെണ്ണുകാണലിന് അനുവദിക്കാൻ പാടുള്ളൂ. ഈ തീരുമാനത്തിൽ പെൺവീട്ടുകാർക്ക് വിവേചനത്തിന് അധികാരം ഉണ്ട്.
2. കാണാൻ വരുന്നത് ആരൊക്കെയെന്ന് അറിയാതെ പെണ്ണുകാണൽ അനുവദിക്കരുത്. തീരുമാനമെടുക്കാൻ അവകാശം ഉള്ളവർ കൂടെയുണ്ടായിരിക്കണം.
3. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രം പയ്യൻ ഇല്ലാതെ പെണ്ണുകാണൽ അനുവദിക്കുവാൻ പാടുള്ളൂ.
4. ആണിനും പെണ്ണിനും കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഫോണിലൂടെ സംസാരിക്കുവാൻ അവസരം കൊടുക്കണം.
5. വൈവാഹികസംഗമം പോലുള്ള അനൌപചാരിക പെണ്ണുകാണലിന് അവസരം ഉണ്ടാക്കണം.
6. പെണ്ണുകാണലിന് ശേഷം മറുപടി വൈകിക്കരുത്. പരസ്പരം ബഹുമാനിക്കുന്ന, മുറിപ്പെടുത്താത്ത സംഭാഷണത്തിന് പ്രത്യേകം ശ്രദ്ധിക്കണം.
7. ടെലിഫോണിൽ സംസാരിക്കുമ്പോൾ അലക്ഷ്യമായ മറുപടികൾ അരുത്.
8. യോജിക്കുന്നതാണ് എന്ന് ഏകദേശം തോന്നലുണ്ടായാൽ സാമ്പത്തികം, മറ്റ് പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാൻ കാത്തിരിക്കാതെ തുറന്ന് പറയണം.
9. അമിതമായ മേക്കപ്പ്, ഷോ ഓഫ് തുടങ്ങിയവ ഒഴിവാക്കണം. സ്വാഭാവികതയിൽ പരസ്പരം കാണാനും മനസ്സിലാക്കാനും ശ്രമിക്കണം.
George Kadankavil - January 2006