ഇരുപത്തഞ്ചാം വയസ്സിൽ എഴുപത്തയ്യായിരം ശമ്പളം വാങ്ങി ജോലി ചെയ്യുന്ന മകനെ ഇപ്പംതന്നെ കെട്ടിക്കണം എന്നാണ് അവന്റെ അമ്മയുടെ മോഹം. ജോലിയിൽ ഇരുത്തംവന്ന് എന്തെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുമതി വിവാഹം. ഇത് അമ്മയെ പറഞ്ഞൊന്ന് ബോദ്ധ്യപ്പെടുത്താമോ അങ്കിൾ? ഇതാണ് മകന്റെ ചോദ്യം.
പല പ്രായത്തിലുള്ള അവിവാഹിതരുടെ വിവാഹത്തെക്കുറിച്ചുള്ള ആത്മഗതങ്ങൾ കേൾക്കണമോ?
1. എപ്പോഴാണാവോ ഞാൻ കല്യാണം കഴിക്കുക?
2. ആരെയാണാവോ ഞാൻ കല്യാണം കഴിക്കുക?
3. ആരാണാവോ എന്നെ കല്യാണം കഴിക്കുക?
4. ആരെങ്കിലും ഇനി എന്നെ കല്യാണം കഴിക്കുമോ?
ഒന്നു സൂക്ഷിച്ചുനോക്കിയാൽ ഈ നാലിനുമിടയിൽ കുറച്ച് പ്രായ വ്യത്യാസം കാണുവാൻ കഴിയും. അത് അവരുടെ മനസ്സിന്റെ പ്രായമാണ്. ഇതിൽ ഏത് പ്രായത്തിൽ വേണമെങ്കിലും കെട്ടാം. പ്രായപൂർത്തി ആയിരിക്കണം. രണ്ടിൽ കെട്ടുന്നത് ഏറ്റവും ഉചിതം എന്നാണ് ഞാൻ ശുപാർശ ചെയ്യുന്നത്.
ഇതിലൊന്നുപോലും മനസ്സിൽ തോന്നിയിട്ടില്ലായെങ്കിൽ മനസ്സിന് കല്യാണപ്രായം ആയിട്ടില്ല. ശരീരത്തിന് പ്രായം ശരിയായിട്ടും മനസ്സിന് കല്യാണപ്രായം ആകാത്തവരെ അതിനുവേണ്ടി പാകപ്പെടുത്തിയെടുക്കാനാണ് അപ്പനമ്മമാര് കല്യാണത്തിന് നിർബന്ധിക്കുന്നത്. മോൻ അതുകൊണ്ട് അമ്മയോട് വഴക്കുണ്ടാക്കണ്ട. അവരുടെ നിർബന്ധത്തിന്റെ വാത്സല്യം അങ്ങോട്ട് ആസ്വദിച്ചോളൂ. മനസ്സ് എപ്പോഴെങ്കിലും രണ്ടിലെത്തിയെങ്കിൽ അപ്പോൾ കെട്ടാം.
പ്രായക്കുറവുള്ള ഒരു പെൺകുട്ടിക്ക് കല്യാണം കഴിച്ചു വരുന്ന വീട്ടിലെ മകളായി മാറുവാൻ പെട്ടെന്ന് കഴിയും. മറിച്ചാണെങ്കിൽ, പ്രായം കൂടുന്നതനുസരിച്ച് ഉറച്ച അഭിപ്രായങ്ങളും ശക്തമായ ധാരണകളും മനസ്സിൽ രൂപപ്പെടുന്നതിനാൽ ഇടപെടലുകൾക്ക് ഔപചാരികത കൂടും. ഫോർമാലിറ്റിയും പ്രോട്ടോക്കോളും മറ്റുമായി രസച്ചരട് നഷ്ടപ്പെടാനിടയുണ്ട്.
മക്കളുടെ വിദ്യാഭ്യാസം കഴിഞ്ഞ് അവർക്ക് എന്തെങ്കിലും ഉപജീവനമാർഗ്ഗം ആകുന്നതുവരെ ജോലിചെയ്യാനും ഓടിനടക്കാനും മാതാപിതാക്കൾക്ക് സാധിക്കുന്ന പ്രായം കണക്കാക്കി വിവാഹം ചെയ്യുന്നതാണ് ഏറെ അഭികാമ്യം.
കാര്യമായ പൊതുസമ്പർക്കവും, സ്വാധീനവും, പിടിപാടുകളും, സഹപ്രവർത്തകരും ഇല്ലാതെ വാർദ്ധക്യസഹജ പ്രശ്നങ്ങളുമായി കഴിയുമ്പോഴും മക്കളുടെ പഠനം തന്നെ തീർന്നിട്ടില്ലായെങ്കിലുള്ള സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. അതുകൊണ്ട് വിവാഹം കഴിയുന്നതും നേരത്തെ നടക്കുന്നതാണ് ഉചിതം.
ജീവിതത്തിലെ നേട്ടങ്ങളെല്ലാം തനിച്ച് ഉണ്ടാക്കിയിട്ട് സ്വർണ്ണക്കൂട്ടിലേക്ക് ഒരു കിളിയായി പങ്കാളിയെയും മക്കളെയും കൊണ്ട് വരുന്നതിനേക്കാൾ ഹൃദ്യം. അടിസ്ഥാന സൌകര്യങ്ങൾ ആകുമ്പോൾ തന്നെ വിവാഹം ചെയ്ത് രണ്ടുപേരുംകൂടി നേട്ടങ്ങൾ ഉണ്ടാക്കി ആസ്വദിക്കുന്നതാണ്.
George Kadankavil - December 2005