വീട്ടിന്റെ വരാന്തയിൽ ഒരു വലിയ കട്ടിൽ പിടിച്ചു ക്ഷീണിച്ചു നിൽക്കുകയാണ് വർക്കിച്ചേട്ടൻ. അപ്പോഴാണ് തൊമ്മിക്കുഞ്ഞ് അതുവഴി പോകുന്നത്. തൊമ്മിക്കുഞ്ഞേ ഒന്നിത്രടം വന്നേ, ഈ കട്ടിലൊന്നു പിടിച്ചേ. തൊമ്മിക്കുഞ്ഞും വർക്കിച്ചേട്ടനും കൂടെ കട്ടിലിന്റെ പിടിച്ചേ. തൊമ്മിക്കുഞ്ഞും വർക്കിച്ചേട്ടനും കൂടെ കട്ടിലിന്റെ രണ്ടറ്റത്തും നിന്നു കുറെനേരം ശ്രമിച്ചിട്ടും കട്ടിൽ അവിടെത്തന്നെ. നെറ്റിയിലെ വിയർപ്പു തുടച്ച് ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് വർക്കിച്ചേട്ടൻ പറഞ്ഞു എന്റെ തൊമ്മിക്കുഞ്ഞേ നമ്മളു രണ്ടും കൂടി ഈ നേരമത്രയം പിടിച്ചിട്ടും ഈ കട്ടിലൊന്ന് അകത്തേക്ക് എടുക്കാൻ പറ്റിയില്ലല്ലോ.
തൊമ്മിക്കുഞ്ഞു ഞെട്ടിപ്പോയി, അകത്തേക്ക് എടുക്കാനോ?ഞാനിതു പുറത്തേക്ക് ഇറക്കാനായിരുന്നു ഇത്രേം നേരം പിടിച്ചത്.
രണ്ടു വീട്ടുകാരും, വളരെ ആശയോടെ, മാസങ്ങളോളം ആലോചിച്ചു മുറുകി വന്ന വിവാഹാലോചന, ഒരു ധാരണപിശകിന്റെ പേരിൽ മാറിപ്പോയി. അതിന്റെ വിഷയം പങ്കുവെക്കാൻ വന്ന പയ്യനെ സമാധാനിപ്പിക്കാനാണ് ഞാനീ സംഭവം വിവരിച്ചത്.
കല്യാണലോചനകളിൽ പലപ്പോഴും സംഭവിക്കാറുള്ള ചില സ്ഥിതി വിശേഷങ്ങളിലൊന്നാണ് ഇതുപോലുള്ള കമ്യൂണിക്കേഷൻ ഗ്യാപ്.
വേണ്ട സമയത്ത് തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് മറ്റൊരു സ്ഥിതിവിശേഷം.
അപ്പനും അമ്മക്കും മക്കൾക്കും വേറെ വേറെ തീരുമാനങ്ങൾ ഉണ്ടാകുന്നതും വിരളമല്ല.
പെട്ടെന്ന് തീരുമാനം എടുക്കുകയും, അതിലും വേഗത്തിൽ അതു മാറ്റുകയും ചെയ്യുന്നവരുമുണ്ട്.
ഒരിക്കൽ തീരുമാനം പറഞ്ഞുപോയാൽ പിന്നെ ഒരിക്കലും മാറ്റില്ല എന്നു ശഠിക്കുന്നവരുമുണ്ട്.
എന്തും ഒന്നു നെഗോഷ്യേറ്റ് ചെയ്ത് പരമാവധി പ്രയോജനം പിടിച്ചെടുക്കുന്നവരും ഉണ്ട്.
താങ്കൾ മൾട്ടി നാഷനൽ കമ്പനിയിൽ മാനേജ്മെന്റ് കേഡറിലാണല്ലോ ജോലി ചെയ്യുന്നത്. നിങ്ങൾ പഠിച്ചിരിക്കുന്ന മാനേജ്മെന്റ് തത്വങ്ങൾ അവിടെ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയും. കാരണം അവിടെ ലിഖിതമായ നിയമാവലികളും, പ്രോട്ടോക്കോളും, പ്രഖ്യാപിത ലക്ഷ്യങ്ങളും ഉണ്ട്. കല്യാണക്കാര്യം തികച്ചും വ്യത്യസ്തമാണ്, ഇനി ഇങ്ങനെ മാനേജ്മെന്റ് തത്വങ്ങൾ പ്രകാരം കൈകാര്യം ചെയ്യാൻ ശ്രമിച്ചാലും, തമ്പുരാന്റെ നിശ്ചയം പോലെയേ നടക്കു.
ഏതായാലും നിങ്ങളുടെ വിവാഹത്തിനും ഒരു ലക്ഷ്യം പ്രഖ്യാപിച്ചോളു. ഉചിതമായ തീരുമാനങ്ങളെടുക്കാനും, ഇനിയൊരു ഇച്ഛാഭംഗം ഉണ്ടാകാതിരിക്കാനും ഇതു സഹായിക്കും.
George Kadankavil - November 2005