''നിങ്ങളെന്തു കൊടുക്കും'' - കല്യാണാലോചനക്ക് ഒരു പയ്യന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ആദ്യത്തെ ചോദ്യം തന്നെ ഇതായതുകൊണ്ട് ആ ആലോചന വേണ്ടെന്നു വെച്ചു. പയ്യൻ യോഗ്യനാണെങ്കിലും, കുടുംബം നല്ലതാണെങ്കിലും, ഈ ചോദ്യശൈലി കൊണ്ട് വീട്ടുകാർ ധനത്തിനാണ് പ്രഥമ സ്ഥാനം പ്രകടമാക്കുന്നത്. ബെത് ലെഹം വൈവാഹിക സംഗമത്തിൽ, വളരെ ശാന്തമായ ഭാഷയിൽ ഒരു പിതാവ് തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചു. സ്ത്രീക്ക് പിതൃസ്വത്തിന്റെ വിഹിതം വിവാഹസമയത്തു നൽകുന്നതിനെക്കുറിച്ചും, സ്ത്രീസ്വത്തിന്റെ വിനിയോഗത്തെക്കുറിച്ചും പ്രസക്തമായ അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു.
സ്ത്രീസ്വത്ത് കല്യാണവും ചടങ്ങുകളും ആഘോഷിച്ച് ധൂർത്തടിക്കരുത്. ഇതിനു കണക്കു ബോധിപ്പിക്കേണ്ട സ്ഥിതി ഒരുപക്ഷെ ജീവിതത്തിൽ ഉണ്ടായേക്കാം.
സ്ത്രീസ്വത്ത് എങ്ങനെ വിനിയോഗിക്കണം എന്ന്, രണ്ടു കുടുംബത്തിലെയും മാതാപിതാക്കളുടെ ഉപദേശം തേടാമെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് ഭാര്യയും ഭർത്താവും കൂടി ആയിരിക്കണം.
സ്ത്രീസ്വത്ത് വിവാഹ സമയത്തുതന്നെ സ്ത്രീക്ക് കൊടുക്കാമെങ്കിൽ, പുരുഷന്റെ സ്വത്തുവിഹിതം കൂടി വിവാഹ സമയത്തു പുരുഷനു കൊടുത്തു കൂടെ എന്നും സംഗമത്തിൽ അഭിപ്രായം ഉയർന്നു.
സ്ത്രീക്കായാലും, പുരുഷനായാലും, പിതൃസ്വത്തിന്റെ വിഹിതം വിവാഹ സമയത്തോ അല്ലാതെയോ നൽകുന്നത് രേഖപ്പെടുത്തി വെക്കേണ്ടതാണെന്നും, സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ പിതാവ് വിൽപത്രം തയ്യാറാക്കി വെച്ചിരിക്കേണ്ടതിന്റെ ആവശ്യകതയും ഇവിടെ എടുത്തു പറയുകയുണ്ടായി.
വാങ്ങുന്നവരും, കൊടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാകുന്നതിനാലും, പരാതിപ്പെടാൻ ആളില്ലാതെ കേസ് എടുക്കാനാകാത്തതിനാലും, 1961 മുതൽ നിലവിൽ ഉണ്ടെങ്കിലും സ്ത്രീധന നിരോധന നിയമം അപൂർവ്വമായി മാത്രമെ ഉപയോഗിക്കപ്പെട്ടിട്ടുള്ളു. എങ്കിലും, സ്ത്രീസ്വത്ത് ധൂർത്തടിക്കപ്പെടുമ്പോഴും, കൂടുതൽ സ്വത്തിനുവേണ്ടി നിർബന്ധിക്കപ്പെടുമ്പോഴും, ഈ നിയമത്തിന് സ്ത്രീയുടെ രക്ഷക്കെത്താൻ കഴിയും.
ആയിരം നിയമഗ്രന്ഥങ്ങൾ സൃഷ്ടിച്ചിരുന്നാലും, ഒരാചാരത്തിന്റെ മുമ്പിൽ അതെല്ലാം മാറിനിൽക്കും എന്നതാണ് ലോകത്തിന്റെ അനുഭവം. അതിനാൽനല്ല ആചാരങ്ങൾ ആണ് ഉണ്ടാകേണ്ടത്, അതിന് നിയമ സാധുതയും ലഭിക്കണം.
പുതിയ കുടുംബങ്ങൾ രൂപപ്പെടുമ്പോൾ, സ്ത്രീയും, പുരുഷനും അവരുടെ സ്വത്ത് പുതിയ കുടുംബത്തിന്റെ മൂലധനമായി കണക്കാക്കി, രണ്ടുപേരുടെയും യോജിച്ച തീരുമാനം അനുസരിച്ച് വിനിയോഗിക്കാൻ സാധിക്കുന്ന ആചാരങ്ങളും, അതിനുവേണ്ട നിയമ സാധുതയുള്ള സംവിധാനവുമായിരിക്കാം ഒരുപക്ഷെ സമൂഹത്തിനു വേണ്ടത്.
വിവാഹങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടൊപ്പം സ്ത്രീയുടെയും പുരുഷന്റെയും, വിവാഹ സമയത്തെ കുടുംബ മൂലധനം എത്രയെന്ന് കൂടി രേഖപ്പെടുത്താൻ സംവിധാനമുണ്ടാകുന്നത് ഉപകാരപ്രദം ആയേക്കും.
കുടുംബ ബന്ധത്തിൽ പരമോന്നത നിയമം പരസ്പര സ്നേഹം മാത്രമാണ്. നല്ല വ്യക്തിത്വവും, യോജിപ്പും, മൂല്യങ്ങളെക്കുറിച്ചുള്ള ഉറച്ച ബോദ്ധ്യവും, പലവിധ കഴിവുകളും, ഇതെല്ലാം പകർന്നു കൊടുത്ത് വളർത്തിയ മക്കളും ആണ് യഥാർത്ഥ സ്വത്ത്. ഈ യഥാർത്ഥ സ്വത്ത് നിലനിർത്തണമെങ്കിൽ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കാൻ വേണ്ട ലൌകിക സമ്പത്തുകൂടി ആവശ്യമാണ്.
നമ്മളെല്ലാം ന്യായമായും മാന്യമായും പെരുമാറുന്നവരാണ്, സമ്മതിച്ചു. എന്നാലും, പണത്തിന്റെ കാര്യത്തിൽ ചില മനുഷ്യരെ വിശ്വസിക്കാൻ സാധിക്കില്ല എന്നത് അനാദി മുതലേ ലോകത്തിന്റെ അനുഭവമാണ്. ചില മൃഗങ്ങൾ മറ്റു മനുഷ്യരുടെ സ്വത്ത് ഭക്ഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. സഹജീവികളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കാനായി എത്രമാത്രം നിയമങ്ങളാണ് മനുഷ്യൻ തന്നെ സൃഷ്ടിച്ചിരിക്കുന്നത്.
മക്കളോടാണെങ്കിൽ പോലും കൊടുക്കൽ വാങ്ങലിൽ മലക്കം മറിച്ചിൽ നടത്തുന്നവരെ കണ്ടിട്ടുണ്ട്. ഒരുപക്ഷെ മാതാപിതാക്കളായിരിക്കില്ല, ബന്ധുക്കളിലാരെങ്കിലും ഈ സ്വഭാവം കാണിച്ചാലും, പുത്തരിയിൽ കല്ലു കടിച്ചു പോകും. അതുകൊണ്ട് സ്വത്ത് വിഹിതം എത്രയെന്ന്, കുറവായാലും, കൂടുതലാണെങ്കിലും, ഇനി ഒന്നുമില്ലെങ്കിൽ അതും, ചോദിക്കാതെ തന്നെ വിവാഹ നിശ്ചയത്തിനു മുൻപ് അറിയിക്കണം. എന്താണ് കൊടുക്കുന്നത് എന്ന് അറിയിക്കാത്ത ചില സാഹചര്യങ്ങളിൽ, എന്തു കൊടുക്കും എന്ന ചോദ്യം ന്യായീകരിക്കേണ്ടിവരും.
കുറച്ചുകൂടി കൊടുക്കുമോ എന്ന ചോദ്യമാണ് ശരിക്കും ആർത്തിയുടെ അടയാളം. അവരെ ഒഴിവാക്കുകതന്നെ വേണം.
George kadankavil - October 2006