Back to articles

എഴുതാനും! വായിക്കാനും! അറിയാവുന്നവരെ അറിയാം!

November 01, 2014

മറ്റുള്ളവരുടെ വിഷമം കണ്ടാൽ മനസ്സലിവ് തോന്നി അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പരിശ്രമിക്കാറുള്ള ഒരു സഹോദരി, അവരുടെ ചിന്തകൾ വഴിമുട്ടുമ്പോൾ, ചിലപ്പോഴൊക്കെ എന്നെ വിളിച്ച് ബ്രെയിൻ സ്റ്റോമിംഗ് നടത്താറുണ്ട്.

കാൻസർ വന്ന് ഇപ്പോൾ കീമോതെറാപ്പിയിൽ കഴിയുന്ന ഒരു സഹപാഠിയെ ഭർത്താവിന്റെ  അവഗണനയിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും എങ്ങനെ രക്ഷിക്കാം, എന്തെങ്കിലും സ്വയം തൊഴിൽ കണ്ടുപിടിക്കാമോ എന്നൊക്കെ ആലോചിക്കാനാണ് ഇപ്പോൾ എന്നെ വിളിച്ചിരിക്കുന്നത്.

ഈ കൂട്ടുകാരിക്ക് 45 വയസ്സുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റാണ്. സ്വകാര്യ സ്ഥാപനത്തിൽ രണ്ടു വർഷം മുമ്പു വരെ ജോലിയുണ്ടായിരുന്നു. അസുഖം വന്ന ശേഷം ജോലിക്ക് പോയിട്ടില്ല. ദിവസവും മുടങ്ങാതെ ജോലിക്ക് പോകാനും, സമയത്തിന് ഓഫീസിൽ ചെല്ലാനും സാധിക്കില്ല.

വീട്ടിൽ നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അവളുടെ ആരോഗ്യവും പോയി, വരുമാനവും നിലച്ചതു കൊണ്ടായിരിക്കും, ഭർത്താവ് ഇവളെ തീർത്തും അവഗണിക്കുകയാണ്.

അവൾ എന്തെങ്കിലും കാര്യത്തിന് നിർബന്ധം പിടിച്ചാൽ അയാൾ നല്ല തല്ലു വെച്ചു കൊടുക്കുമത്രെ. 20 വയസ്സുള്ള ഒരു മകളുണ്ട്, പഠിച്ചുകൊണ്ടിരിക്കുകയാണ്. മകൾക്ക് പഠിത്തം കഴിഞ്ഞ് ഒരു ജോലി ആകുന്നതു വരെയെങ്കിലും എന്തെങ്കിലും സ്വയം തൊഴിൽ ചെയ്ത് ഉപജീവനത്തിന് മാർഗ്ഗമുണ്ടാക്കണം എന്ന് ഇവൾക്ക് വലിയ ആഗ്രഹമാണ്. തയ്യൽ പഠിച്ച് തയ്യൽക്കട ഇടാനാണ് പലരും ഉപദേശിച്ചത്. അതിനുപോലുമുള്ള മൂലധനം ഇവർക്കില്ല, വേറെ എന്തെങ്കിലും മാർഗ്ഗം സാറിനു തോന്നുന്നുണ്ടോ? . .

സഹോദരീ, ഗുരുതരമായ രോഗം ബാധിച്ച ഭാര്യയെ ഭർത്താവ് ഉപദ്രവിക്കുന്നത് വാസ്തമാണെങ്കിൽ, അത് ഇവരുടെ മാതാപിതാക്കളെയും കാരണവന്മാരെയും മറ്റ് വേണ്ടപ്പെട്ടവരെയും അറിയിച്ച് ഇനി കൂടുതൽ ഉപദ്രവം ഏൽക്കാത്ത സാഹചര്യം ആണ് ആദ്യം ഉണ്ടാക്കേണ്ടത്.

റോട്ടി - കപ്പടാ - മക്കാൻ (ഭക്ഷണം, വസ്ത്രം, വീട്) ഒരു വ്യക്തിയുടെ ഇത്രയും അടിസ്ഥാന ആവശ്യങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പ്രഥമ ഉത്തരവാദിത്വം അയാളുടെ കുടുംബനാഥനാണ് നിർവ്വഹിക്കേണ്ടത്. കുടുംബാംഗങ്ങൾ ഓരോരുത്തർക്കും അവരുടെ കഴിവും സാഹചര്യവും അനുസരിച്ച് ഉപജീവനത്തിനുള്ള വക കണ്ടെത്തി ഇതിലേക്ക് പങ്ക് ചേർക്കാം. അങ്ങനെ ഉപജീവനം കൂടുതൽ സമൃദ്ധമോ, സുഭിക്ഷമോ ഒക്കെ ആക്കിയെടുക്കാം.

എന്തെങ്കിലും രോഗമോ, അത്യാഹിതമോ മൂലം ഒരു കുടുംബത്തിന്റെ  ഉപജീവനം വഴിമുട്ടിപ്പോകുന്ന അവസ്ഥയുണ്ടാകുമ്പോൾ, അവരുടെ ബന്ധുക്കൾ, സ്വമേധയാ ആരുടെയും നിർബന്ധമില്ലാതെ തന്നെ, ഇവരെ സഹായിക്കാൻ മുന്നിട്ടിറങ്ങാറുണ്ട്. പുറമേ ഉള്ള ആരും ഇക്കാര്യം അറിയുക പോലുമില്ല.

ബന്ധുക്കൾ സഹായിക്കാതെ വന്നാൽ മനസ്സലിവുള്ള കൂട്ടുകാരോ, നാട്ടുകാരോ ആരെങ്കിലും ഒക്കെ സഹായത്തിനെത്തിയേക്കാം. ചിലപ്പോൾ ചിലർ ഇവരുടെ നിവർത്തികേട് മുതലെടുക്കാനും ശ്രമിക്കും. നമ്മുടെ ദാരിദ്രം ആരെയും അറിയിക്കാതെ, ആരുടെയും ഔദാര്യം സ്വീകരിക്കാതെ, കഴിഞ്ഞു കൂടാനാണ് മിക്ക മനുഷ്യരും ആഗ്രഹിക്കുന്നത്.

ആവുന്ന കാലത്ത് മറ്റുള്ളവർക്ക് സാധിക്കുന്നത്ര സഹായം ചെയ്തിട്ടുള്ളവർക്ക്, ഇത്തരം സന്ദർഭങ്ങളിൽ സഹായം തേടി അലയേണ്ടി വരാറില്ല. അഥവാ വന്നാലും സഹായം സ്വീകരിക്കാനുള്ള വിഷമങ്ങൾ വളരെ കുറഞ്ഞിരിക്കും.

അന്തഃഛിദ്രമുള്ള ഭവനം നശിച്ചുപോകും എന്ന് വായിച്ചിട്ടില്ലേ? ഈ സഹോദരിക്ക് ഭർത്താവിന്റെ സഹകരണമില്ല എന്നതാണ് അവരുടെ രോഗത്തേക്കാൾ വലിയ ദുരന്തം. രോഗം മൂലം ഭർത്താവിന് ഇനി തന്നെ വേണ്ടായിരിക്കും എന്ന് ചിന്തിച്ച് ഭർത്താവുമായി രമ്യതയിലെത്താനുള്ള വഴി സ്വയം അടയ്ക്കരുത്.
സ്വന്തം നിലയിലും വേണ്ടപ്പെട്ടവർ വഴിയും, ഭർത്താവിനെ പ്രശ്നം നേരിടാൻ തക്ക ധൈര്യവും മനസ്സും ഉള്ളവനാക്കാൻ ശ്രമിക്കണം.
ഒരു വിധത്തിലും അത് സാദ്ധ്യമല്ലെന്നു വന്നാൽ, ഉപദ്രവം ഉണ്ടാവാതിരിക്കാനുള്ള സാഹചര്യമെങ്കിലും മദ്ധ്യസ്ഥരെക്കൊണ്ട് പറഞ്ഞ് സൃഷ്ടിച്ചെടുക്കണം.

ഭർത്താവ് കയ്യൊഴിയുകയാണെങ്കിൽ, ഇനി എങ്ങനെ ജീവിക്കും?...
സ്ത്രീയ്ക്ക് ഒരു ഉപജീവനമാർഗ്ഗം എന്നു പറയുമ്പോൾത്തന്നെ മിക്കവരും ഉപദേശിക്കുന്ന മാർഗ്ഗം തയ്യലാണ്. രോഗാവസ്ഥയിൽ കഴിയുന്ന ഇവർ ഇനി തയ്യൽ പഠിച്ച് കടയിട്ട് ഉപജീവനം നേടിയെടുക്കുന്നത് പ്രായോഗികമാണെന്ന് ആ കൂട്ടുകാരിക്ക് അങ്ങേയറ്റം ഉറപ്പുണ്ടെങ്കിൽ മാത്രം ശ്രമിച്ചാൽ മതി.

അല്ലെങ്കിൽ കട ഒരു പുതിയ ബാദ്ധ്യതയായി മാറും. പ്രയാസങ്ങളും തടസ്സങ്ങളും നേരിടാതെ ഒരു തൊഴിലും ചുമ്മാ അങ്ങ് വിജയിക്കത്തില്ല. അവരുടെ ഹൃദയത്തിന് ഏറ്റവും തൃപ്തി തോന്നുന്ന പ്രവർത്തി ഏതെന്നു കണ്ടു പിടിക്കണം. ആ പ്രവർത്തിയിലാണ് അവർ മുഴുകുന്നതെങ്കിൽ അതിന്റെ പ്രയാസങ്ങളും തടസ്സങ്ങളും നേരിടാനും വിജയിപ്പിക്കാനും ഇവർക്ക് എളുപ്പം സാധിക്കും. മൂലധനം ഒരു പ്രശ്നം തന്നെയാണ്. രോഗാവസ്ഥയിലുള്ള, കാര്യമായ ആസ്തിയൊന്നും ഇല്ലാത്ത, ഇവർക്ക് ലോൺ കിട്ടുമെന്ന് ഉറപ്പൊന്നുമില്ല, കിട്ടിയാൽ തന്നെ ഒരുപാട് അനിശ്ചിതത്വങ്ങൾ അതിന്മേലുണ്ടാകും.

ലോൺ ഒഴിവാക്കുന്നതാണ് നല്ലത്. മകൾക്കു കൂടി പഠിത്തത്തിനിടയിൽ പങ്കുചേരാൻ കഴിയുന്ന ഏതെങ്കിലും തൊഴിലായിരിക്കണം. ഏതു തൊഴിൽ എന്ന് മറ്റാർക്കും നിശ്ചയിച്ച് കൊടുക്കാനാവില്ല. അത് അവരുടെ ഹൃദയത്തിൽ എവിടയോ മറഞ്ഞ് കിടപ്പുണ്ട്. ആരെങ്കിലും പ്രോത്സാഹിപ്പിച്ചാൽ അവർക്കത് തിരിച്ചറിയാൻ കഴിയും.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായിരുന്ന ഒനാസ്സീസിനോട് ആരോ ചോദിച്ചു, താങ്കൾ എവിടെ നിന്നാണ് ബിസിനസ്സ് പഠിച്ചത്?
അദ്ദേഹം പറഞ്ഞു - എനിക്ക് ബിസിനസ്സ് അറിയില്ല, പഠിച്ചിട്ടുമില്ല. എനിക്ക് മനുഷ്യരെ അറിയാം. അതുമാത്രമേ എനിക്ക് ആവശ്യം വന്നുള്ളു.

നമുക്ക് വരുന്ന അത്യാഹിതങ്ങളും ദൌർഭാഗ്യങ്ങളും നമ്മുടെ ദാരിദ്രാവസ്ഥയും, മനുഷ്യരെ പഠിക്കാനും മനസ്സിലാക്കാനും നമുക്ക് ലഭിക്കുന്ന ഏറ്റവും നല്ല സന്ദർഭമായി കണക്കാക്കി പൊരുമാറുകയാണ് വേണ്ടത് . ആ അവസ്ഥ തരണം ചെയ്യാമെന്നു മാത്രമല്ല, തുടർന്നും പ്രയോജനം ചെയ്യുന്ന ജ്ഞാനം നമ്മൾ ആർജ്ജിക്കുകയും ചെയ്യും.

വിശക്കുന്നവനോട് വേദാന്തം പറയരുത് എന്നുണ്ട്. അവൾക്ക് അത്യാവശ്യം പിടിച്ചുനിൽക്കാനുള്ള സഹായം ചെയ്തു കൊടുക്കണം. എന്നിട്ട് ഈ കൂട്ടുകാരിയോട് അവരുടെ കാഴ്ചപ്പാടിൽ ഒരു മാറ്റം വരുത്താൻ പറയുക.

എയർഫോർസ് സ്റ്റേഷനിൽ പുല്ലുവെട്ടുക, പരിസരം വൃത്തിയാക്കുക തുടങ്ങിയ ജോലികൾക്ക് വേണ്ടി പണിക്കാരെ റിക്രൂട്ട് ചെയ്ത് അവർക്ക് യൂണിഫോം നൽകി നിയമിച്ചിരുന്നു. ഇവർ സൈനികരല്ല, പക്ഷേ യൂണിഫോമുണ്ട്, അതിൽ റാങ്കിനു പകരം, സീനിയോറിറ്റി അടയാളപ്പെടുത്താൻ വെറുതെ വരകൾ കൊടുത്തുരുന്നു.
ഒരു വര,
രണ്ടു വര,
മൂന്നു വര.
ഇവരുടെ ഏറ്റവും മുതിർന്ന നേതാവിനാണ് മൂന്നു വരയുള്ളത് കൂടുതൽ ശമ്പളവും ഇയാൾക്ക് കിട്ടും...

മലയാളം പറയുന്ന ഈ തമിഴനോട്, ഞാനൊരിക്കൽ ചോദിച്ചു ഈ വരകളുടെ അർത്ഥം എന്താണ്.
ഒരു തമാശപോലെ അയാൾ പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി.

- ഒരു വര എന്നാൽ അവനുക്ക് എഴുതാനോ വായിക്കാനോ ഏതെങ്കിലും ഒന്ന് താൻ തെരിയും!

- രണ്ടു വര എന്നാൽ അവനുക്ക് എഴുതാനും വായിക്കാനും - രണ്ടും തെരിയും!

- മൂന്നു വര എനക്കു മട്ടും താൻ ഇരുക്ക്, എനക്ക് വന്ത്, എഴുതാനും വായിക്കാനും അറിയാവുന്നവരെ അറിയാം!!

എന്നിട്ടയാളൊരു ചിരി...... ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കാതലായ ഒരു ഫിലോസഫി ആയിരുന്നു ഇത്.

നമുക്ക് ചുറ്റും ധാരാളം മനുഷ്യരുണ്ട്. അവർക്ക് നിരവധി, അനവധി, ആവശ്യങ്ങളുമുണ്ട്.
അത് ചെയ്തു കിട്ടിയാൽ പ്രതിഫലം കൊടുക്കാൻ അവർ തയ്യാറാകും.

ചുറ്റുമുള്ളവർക്ക് ആവശ്യമുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കിയെടുക്കാനുള്ള കണ്ണുണ്ടാകണം. പിന്നെ ആ ആവശ്യങ്ങൾ ചെയ്യാൻ അറിയാവുന്നവരെ കണ്ടുപിടിക്കണം.
ഇനി അവരെക്കൊണ്ട് അത് ചെയ്യിച്ചെടുക്കാൻ അവരുമായി ഒരു ധാരണയും ഉണ്ടാക്കാമെങ്കിൽ
''She is in Business".

ഇതുപോലെ തന്നെ ചെയ്യാനല്ല, ചുറ്റുമുള്ള അവസരങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ഒരു മാതൃക പറഞ്ഞതാണ്.
വലിയ വലിയ ആളുകൾക്ക് കൊച്ചു കൊച്ചു കാര്യങ്ങൾ കൃത്യമായും, വൃത്തിയായും, സമയത്തിന്, ആത്മാർത്ഥമായി, ചെയ്തു കൊടുത്തുകൊണ്ടിരുന്നാൽ നിങ്ങളും വല്യ ആളായി.

ഇത്രയൊക്കെ കേട്ടിട്ട് എന്ത് തൊഴിലാണ് ഹൃദയത്തിൽ മറഞ്ഞു കിടന്നതെന്ന് ഈ കൂട്ടുകാരിക്ക് എന്തെങ്കിലും വെളിപാട് അനുഭവപ്പെടുന്നുണ്ടോ?
അതിൽ മുഴുകാൻ മനസ്സിന് നല്ല ഉന്മേഷം തോന്നുന്നുണ്ടോ?
എങ്കിൽ ആ തൊഴിലിലേയ്ക്ക് ഇറങ്ങി കൊള്ളുക.

അങ്ങനെയൊന്നും സാധിക്കില്ലെന്ന് ബോദ്ധ്യമാണെങ്കിൽ, ഉപജീവനത്തിന് നിവർത്തിയില്ലാതെ, ഭർത്താവും കയ്യൊഴിഞ്ഞ്, വീട്ടുകാരും സഹായിക്കാനില്ലാത്ത ഈ അവസ്ഥയിൽ കൂട്ടുകാരിയുടെ മകളോട്, പാർട്ട് ടൈം ആയിട്ടെങ്കിലും ഒരു ജോലിക്ക് പോകുന്ന കാര്യം സംസാരിക്കുക.

അതിനു മനസ്സാണെങ്കിൽ ജോലി തരപ്പെടുത്തി കൊടുക്കാൻ സഹായിക്കണം. പഠനം പൂർത്തിയാക്കിയാൽ വലിയ ജോലി കിട്ടും. ഇപ്പോൾ ചെറിയ ജോലിയിൽ കയറി അവസരം നഷ്ടപ്പെടുത്തണോ എന്നത് ആ കുട്ടിക്ക് മാത്രമേ തീരുമാനിക്കാൻ അവകാശമുള്ളു.
എന്നാലും അത്യാവശ്യമുള്ള സമയത്തല്ലേ വരുമാനം വേണ്ടത്?

മനുഷ്യരെക്കുറിച്ചുള്ള അറിവ് ഒരു വലിയ മൂലധനം ആണെന്നു മറക്കരുത്......

What is Profile ID?
CHAT WITH US !
+91 9747493248