Back to articles

ആളെ അറിയാൻ അര മണിക്കൂർ!?

July 01, 2005

അര മണിക്കൂർ നേരത്തെ പെണ്ണുകാണൽ ചടങ്ങുകൊണ്ട്, ജീവിതകാലം മുഴുവൻ കൂടെ കഴിയാൻ പറ്റിയ ആളാണോ ഇതെന്ന് എങ്ങനെ അറിയും. തിരുത്താനും മാറ്റാനും പറ്റാത്ത ഒരു തീരുമാനമെടുക്കാൻ ഇത്ര കുറച്ചു സമയം മതിയോ. ഏതെങ്കിലും ഏജൻസി വഴി ഇൻവെസ്റ്റിഗേഷൻ നടത്തിയാൽ പ്രയോജനം ഉണ്ടോ? 

വിദ്യാഭ്യാസ യോഗ്യതകളുടെ നീണ്ട നിരയും, വലിയ ഉദ്യോഗവും, നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ ഇന്റർവ്യു ചെയ്ത് ജോലിക്ക് നിയമിച്ചിട്ടുള്ള, ജോലിയിലെ പ്രാഗൽഭ്യത്തിന് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള  സമർത്ഥനായ ഒരു ചെറുപ്പക്കാരനാണ് ഇതു ചോദിക്കുന്നത്.

അനിയാ, ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കാൻ സത്യത്തിൽ ഒരായുഷ്ക്കാലം മതിയാവില്ല. വിവാഹം കൊണ്ട് പുരുഷനും സ്ത്രീയും പങ്കാളികളാകുന്നു. എന്നാൽ, അത് ഉത്തമം, മധ്യമം അല്ലെങ്കിൽ അധമം ആയിത്തീരുന്നത് പരസ്പരം ഇടപഴകുന്ന രീതികളെയും പ്രവർത്തന ശൈലികളെയും ആശ്രയിച്ചായിരിക്കും.

എല്ലാ മനുഷ്യരും ജീവിക്കുന്നതും അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും, പണത്തിനും, അധികാരത്തിനും, നേട്ടങ്ങൾക്കും ഒക്കെ വേണ്ടിയാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷെ സത്യം അതല്ല. നല്ല അനുഭൂതികൾ (Good feelings) ലഭിക്കാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്. നമ്മുടെ എല്ലാ നേട്ടങ്ങളും ആത്യന്തികമായി നമുക്ക് നൽകുന്നത് ഏതെങ്കിലും അനുഭൂതികളാണ്. എന്നാൽ ജീവിത പാതയിൽ എവിടെയോ വെച്ച്, നമ്മുടെ ഈ ലക്ഷ്യം നാമറിയാതെ മാറിപ്പോയി.

ഒരമ്മ മകനെ മടിയിലിരുത്തി ഓമനിക്കുന്നത് ശ്രദ്ധിക്കുക. അമ്മേടെ മോൻ പഠിച്ചു മിടുക്കനായി, നല്ല ജോലി ഒക്കെ കിട്ടി, ഒത്തിരി കാശ് ഉണ്ടാക്കി, കാറും ബംഗ്ളാവും ഒക്കെ ആയി, വലിയ ആളായിട്ട്, അപ്പനും അമ്മയും വയസ്സാകുമ്പോൾ കാറേ കേറ്റിക്കൊണ്ട് പോണം കേട്ടോ. അമ്മയുടെ ഉദ്ദേശം നല്ല അനുഭൂതികൾ ആണെന്നതിൽ തർക്കമില്ല. എന്നാൽ ഇതുകേട്ട് വളരുന്ന കുഞ്ഞിന്റെ മനസ്സിൽ കാശും കാറും ബംഗ്ളാവും തുടങ്ങി വസ്തുക്കളിലേക്കും നേട്ടങ്ങളിലേക്കുമായി ജീവിതത്തിന്റെ ലക്ഷ്യം മാറിപ്പോകുന്നു.

ജീവിതത്തിന്റെ ലക്ഷ്യം നല്ല അനുഭവങ്ങളും അനുഭൂതികളുമാണ് എന്ന ബോദ്ധ്യമുള്ള രണ്ടു വ്യക്തികൾ വിവാഹത്തിലേർപ്പെട്ടാൽ, ഉത്തമ പങ്കാളികൾ ആയിത്തീരും. അതുപോലെതന്നെ ഏതെങ്കിലും സമയത്ത്, പങ്കാളികൾക്ക് രണ്ടുപേർക്കും, ജീവിതത്തിന്റെ ലക്ഷ്യം നല്ല അനുഭവങ്ങളും അനുഭൂതികളുമാണ് എന്ന ബോദ്ധ്യം ഉണ്ടാവുകയും, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്താൽ അവരും ഉത്തമ പങ്കാളികൾ ആയിത്തീരും. നല്ല അനുഭൂതികളും അനുഭവങ്ങളും വിലയ്ക്കു വാങ്ങാൻ കിട്ടില്ല, ഇത് സ്വന്തം ഹൃദയത്തിൽ നിന്നും പകർന്നു കൊടുക്കേണ്ടതാണ്. അങ്ങോട്ടു കൊടുത്തെങ്കിലേ, ഇങ്ങോട്ടും ലഭിക്കുകയുള്ളു.

ഒരു പെണ്ണിനെ പോയി കണ്ട്, ജോലിക്ക് ആളെ എടുക്കാൻ എന്ന പോലെ ഇന്റർവ്യൂ ചെയ്യുന്നതിനു പകരം, അവളുടെ ഇഷ്ടപ്പെട്ട വിഷയങ്ങളെക്കുറിച്ചും, കുട്ടിക്കാലത്തെക്കുറിച്ചും, പഠിച്ച സ്ഥാപനങ്ങളെക്കുറിച്ചും, നല്ല സഹപാഠികളെക്കുറിച്ചും, നല്ല അദ്ധ്യാപകരെക്കുറിച്ചും, വളരെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെക്കുറിച്ചും, രസകരമായ അനുഭവങ്ങളെക്കുറിച്ചും ഒക്കെ സംസാരിക്കാൻ അവസരം സൃഷ്ടിക്കുക. നിങ്ങളുടെ  ഇഷ്ടങ്ങളെക്കുറിച്ചും, വളർന്ന പശ്ചാത്തലത്തെക്കുറിച്ചും പൊങ്ങച്ചം ആകാതെ സംസാരിക്കുക. ജോലി സംബന്ധമായ കാര്യങ്ങളും ഭാവി സാദ്ധ്യതകളും ആണ് മിക്ക പെണ്ണുകാണൽ ചടങ്ങിലും പ്രധാന ചർച്ചാവിഷയം. അത് വീട്ടുകാരുമായി ചർച്ച ചെയ്യാം. പെണ്ണും ചെറുക്കനും തമ്മിൽ സംസാരിക്കുന്നത് പൊരുത്തപ്പെടാനുള്ള സാദ്ധ്യതകൾ കണ്ടെത്താനായിരിക്കണം.

പെണ്ണുകാണൽ ചടങ്ങിൽ സമയം പരിമിതമാണെങ്കിലും നിങ്ങളുടെ വാക്കുകൾ, പെരുമാറ്റം, ഭാവം ഇവ കൊണ്ട്, നല്ല അനുഭൂതികൾ നൈസർഗികമായി പരസ്പരം കൈമാറുവാൻ നിങ്ങൾക്കു സാധിച്ചുവെങ്കിൽ, പരസ്പരം  ഒരു തൃപ്തിയും, ബഹുമാനവും, സ്നേഹവും തോന്നിയെങ്കിൽ, ഉത്തമ പങ്കാളികൾ ആകാനുള്ള അടിസ്ഥാന യോഗ്യത നിങ്ങൾക്കുണ്ട്.

ഇവനാണ് നിന്റെ പുരുഷൻ എന്ന് നിനക്ക് എങ്ങനെയാ മനസ്സിലായത് എന്നു ചോദിച്ചപ്പോൾ,

"My heart missed  a beat; when I saw my man"

എന്നാണ് ഒരു പെൺകുട്ടി എന്നോട് പറഞ്ഞത്. അഡ്രിനലിൻ ശരീരത്തിൽ പടരുന്ന ഒരനുഭവം അവൾക്കു കിട്ടിയത്രെ. അനിയൻ വിഷമിക്കേണ്ട, നിന്റെ പെണ്ണിനെ കണ്ടുമുട്ടുമ്പോൾ നിനക്കും ഏതാണ്ടിതുപോലെ ഒരു  Intution കിട്ടും.

പിന്നെ, അന്വേഷണ ഏജൻസിയെക്കൊണ്ട് ഇൻവെസ്റ്റിഗേഷൻ നടത്താൻ ഇതു മാര്യേജ് അലയൻസ് അല്ലേ, ബിസിനസ്സ് അലയൻസ് അല്ലല്ലോ. ഒരു ജീവിത പങ്കാളിയെ അല്ലേ നിങ്ങൾക്ക് വേണ്ടത്, ഒരു ജനറൽ മാനേജരെ അല്ലല്ലോ. മനപ്പൊരുത്തം മനസ്സിൽ ആണ് തേടേണ്ടത്, അത് സ്വയം ചെയ്യണം. നിങ്ങളുടെ നോട്ടത്തിൽ മറ്റെല്ലാം തൃപ്തികരമാണെങ്കിൽ, ഈ വിവാഹത്തിന് എനിക്ക് തൃപ്തി ആണ്, ഇനി കൂടുതലായി ഞാനറിയേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നു ഭാവി പങ്കാളിയോട് തന്നെ നേരിട്ടു ചോദിക്കുക. അയാളുടെ ഉത്തരം മുഖവിലക്കെടുത്ത് അയാളെ വിശ്വസിക്കാൻ കഴിയുമോ എന്നു ചിന്തിക്കുക. അയാൾ പറയുന്നത് ഒരിക്കലും വേറേ ആരോടും പറയരുത്. സ്വന്തം തീരുമാനം എടുക്കണം. പരസ്പര വിശ്വാസമാണ് വിവാഹ ബന്ധത്തിന്റെ അടിത്തറ. അതുണ്ടെങ്കിൽ മറ്റെന്തു പ്രശ്നങ്ങളും നിങ്ങൾക്ക് തരണം ചെയ്യാവുന്നതേ ഉള്ളു.

There is no perfect partner,

Just make the partnership perfect.

George Kadankavil - July 2005

What is Profile ID?
CHAT WITH US !
+91 9747493248