''എന്റെ ജോർജ്ജ് സാറേ മോന്റെ കല്യാണക്കാര്യം ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ, ആദ്യം വന്ന ആ പ്രൊപ്പോസൽ എല്ലാം കൊണ്ടും വളരെ നല്ലതായിരുന്നു, വേറെ വല്ലതും കൂടി വരുമോ എന്നറിയാൻ വെറുതെ വെച്ച് താമസിപ്പിച്ചതാ പറ്റിപ്പോയത്.
ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞോ?
ടീച്ചറെ, ആദ്യം വന്ന ആലോചനയിൽ തീരുമാനം എടുക്കാൻ കഴിയാതെ പോയത്, നിങ്ങൾക്ക് മാത്രമല്ല, വേറെ പലർക്കും നേരിടേണ്ടി വന്നിട്ടുള്ള ഒരു സമസ്യ ആണ്.
ആലോചന തുടങ്ങിയപ്പോൾ തന്നെ ഇതു വന്നെങ്കിൽ, കുറച്ചുകൂടി കാത്തിരുന്നാൽ ഇതിലും നല്ലത് വരുമായിരിക്കും എന്ന പ്രതീക്ഷയാണ് ഒരു പ്രധാന കാരണം.
ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമായിട്ടാണ് എനിക്കു തോന്നുന്നത്. ഏറ്റവും നല്ല ബന്ധുതയാണല്ലോ എല്ലാവരും തേടുന്നത്. ഏറ്റവും നല്ലത് എന്ന സ്ഥാനം തികച്ചും ആപേക്ഷികം ആണ്. ഓരോ വ്യക്തിയും അവരിൽ തന്നെ അനന്യം (Unique) ആണ്. അവരുടെ ഓരോ പ്രത്യേകതകൾ ഓരോരോ സന്ദർഭങ്ങളിൽ തിളങ്ങിയോ മങ്ങിയോ പ്രതിഫലിച്ചു കൊണ്ടിരിക്കും. ആ തിളക്കം ആണ്, നല്ലത് എന്ന തോന്നൽ സൃഷ്ടിക്കുന്നത്.
എന്റെ അഭിപ്രായത്തിൽ, ഏറ്റവും നല്ലത് എന്നതിനു പകരം വളരെ നല്ലത്, വളരെ യോജിച്ചത് എന്ന പരിഗണന ആയിരിക്കണം കല്യാണം അന്വേഷിക്കുമ്പോൾ വേണ്ടത്. വളരെ നല്ലതിനെ, നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലതാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയും. കാരണം മനുഷ്യന് ഒരു പ്രത്യേകതയുണ്ട്, ഒരാളുടെ നന്മകൾ കണ്ടുപിടിച്ച് അതിനെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നാൽ അയാൾ കൂടുതൽ നന്നായി തിളങ്ങും. മറിച്ച്, കുറ്റം കണ്ടുപിടിച്ച് രോഷത്തോടെ വിമർശിച്ചുകൊണ്ടിരുന്നാൽ അയാളുടെ തിളക്കം മങ്ങി ചിലപ്പോൾവഷളായി മാറുകയും ചെയ്യും. ഇങ്ങനെ മങ്ങിപ്പോയ എത്രയോ നഷ്ട ജീവിതങ്ങളാണ് നമുക്കു ചുറ്റും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.
വാത്സല്യത്തോടെയുള്ള വിമർശനവും, ഉറച്ച പിന്തുണയും, സന്ദർഭോചിതമായ സഹായവും, അസ്തമിക്കാത്ത ക്ഷമയും കൊണ്ട് ഒരു ഭാര്യക്ക് ഭർത്താവിനെയും, ഭർത്താവിന് ഭാര്യയെയും വളരെ നല്ല പങ്കാളി ആക്കി മാറ്റാം.
ഒരു കല്യാണ ആലോചന വരുമ്പോൾ, അതിന്റെ കുറവുകളാണ് നമ്മൾ ആദ്യം പരിശോധിക്കുന്നത്. കുടുംബ ജീവിതത്തിന് തടസ്സമായേക്കാവുന്ന ഘടകങ്ങളോ, സ്ഥിതിവിശേഷമോ മറ്റേ ആളിന്റെ ജീവിതത്തിൽ ഉണ്ടോ എന്ന് സ്വകാര്യമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അയാളുടെ കുറവുകൾ അന്വേഷിച്ച് വീട്ടിലിരുന്ന് വിശകലനം ചെയ്യുന്നത് അബദ്ധമാണ്. സത്യമാണെങ്കിലും അല്ലെങ്കിലും, നിങ്ങളുടെ മനസ്സിൽ ഇക്കാര്യങ്ങൾ കിടക്കും. ഇനി അയാളുമായി വിവാഹം നടന്നാൽ, ഈ ചിന്തകൾ പിന്നീട് ഒരു കല്ലുകടി ആകും.
ഒരു ആലോചന വന്നാൽ അത് അന്വേഷിക്കുക. പൊരുത്തപ്പെടുമെന്നു തോന്നിയാൽ പെണ്ണുകാണൽ നടത്തുക. പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടപ്പെട്ടാൽ, അതു ഉറപ്പിക്കുക. ഉറപ്പിക്കുന്ന അവസരത്തിൽ പെണ്ണും ചെറുക്കനും തനിച്ച് സംസാരിച്ച് പരസ്പരം കണ്ണിൽ നോക്കി വാക്കു കൊടുക്കുന്നത് അവരുടെ ബന്ധം ദൃഢമാകാൻ സഹായിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ ആലോചനയിൽ നിന്ന് നല്ല വാക്കു പറഞ്ഞ് മാറുക.
ഇനി വരുന്ന ആലോചനകൾക്ക്, നല്ല വശങ്ങൾ എന്തെല്ലാം ഉണ്ടെന്ന് ആദ്യം വിശകലനം ചെയ്യണം. അത് വീട്ടിൽ എല്ലാവരും കേൾക്കെ ആകാം. ദോഷങ്ങൾ രഹസ്യമായിട്ട് ചർച്ച ചെയ്യുക, നമ്മുടെ ഗുണ ദോഷങ്ങളുമായി താരതമ്യം ചെയ്തും നോക്കണം.
നമ്മുടെ ഏതെങ്കിലും പോരായ്മ അറിഞ്ഞിട്ടും നമ്മളെ സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകുന്നത് അവർക്കും എന്തെങ്കിലും പോരായ്മ ഉള്ളതു കൊണ്ടാകണം എന്നു നിർബന്ധമില്ല. പൊരുത്തപ്പെടാനുള്ള സാദ്ധ്യതകളുടെ പരിഗണന കൊണ്ടുമാകാം.
George Kadankavil - May 2005