Back to articles

എന്തിനാ ഈ കൌൺസലിംഗ്?

March 01, 2005

ഫോണിന്റെ അങ്ങേത്തലക്കൽ ഒരു സ്ത്രീ മഴപെയ്തൊഴിയുന്ന പോലെ കുറെ സംസാരിച്ച് നിർത്തി. എന്നിട്ട്  അടുത്ത ശ്വാസത്തിൽ വീണ്ടും ചോദിച്ചു, ഞാനിത്രയും  പറഞ്ഞിട്ടും സാറെന്താ ഒന്നും മിണ്ടാത്തത്. ഒരു കൌൺസലിംഗിനു വേണ്ടിയാ ഞാൻ സാറിനെ വിളിച്ചത്.

പെങ്ങളു പറഞ്ഞതു മുഴുവൻ കേൾക്കുകയായിരുന്നു. മുഖവുരയാണെന്നു മനസ്സിലായി, പ്രശ്നമെന്താണെന്നു പറഞ്ഞില്ല. കല്യാണക്കാര്യം സംബന്ധിച്ചാണെങ്കിൽ എന്റെ അനുഭവം വെച്ചുള്ള അഭിപ്രായം പറഞ്ഞുതരാം. കൌൺസലിംഗിന് ഞാൻ ഒരു മനശ്ശാസ്ത്രജ്ഞനല്ല കേട്ടോ. ഫോൺ ബില്ല് സാരമില്ല എങ്കിൽ കൌൺസിലിംഗ് എന്താണെന്ന് ചുരുക്കി പറയാം.

ലോക്കൽ കോളാണ് സാർ വിശദമായിത്തന്നെ പറഞ്ഞോളൂ.

എങ്കിൽ പെങ്ങളൊരു കടലാസ്സും പേനയും എടുക്ക്. അതിൽ സാമാന്യം വലിയ ഒരു  ചതുരം വരക്കണം. ഇനി വശങ്ങളുടെ മദ്ധ്യത്തിൽ നിന്നും നെടുകെയും കുറുകെയും രണ്ട് വരകൾ വരച്ച് നാല് തുല്യ ചതുരങ്ങൾ ആയി വിഭജിക്കുക. ഇടതുവശത്ത് മുകളിലുള്ള ചതുരത്തിൽ അരങ്ങ് - Arena എന്നെഴുതുക. വലതുവശത്ത് മുകളിലുള്ള ചതുരത്തിൽ മറവ്  Blind എന്നെഴുതുക. ഇടത്ത് താഴത്തെ ചതുരത്തിൽ കർട്ടൻ Curtain  എന്നും. നാലാമത്തെ ചതുരത്തിൽ ഇരുട്ട് - Dark എന്നും എഴുതണം. ഈ ചതുരങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെ നാലു ഭാഗങ്ങൾ ആയി കണക്കാക്കാം.

അരങ്ങ് - നമ്മളെപ്പറ്റി, നമുക്കും മറ്റുള്ളവർക്കും അറിയാവുന്ന, കാര്യങ്ങൾ ആണ് അരങ്ങിലുള്ളത്. നമ്മൾ ഷൈൻ ചെയ്യുന്നത് ഈ അരങ്ങിലാണ്.

മറവ് - നമ്മളെപ്പറ്റി, നമുക്കറിയാത്തതും, എന്നാൽ മറ്റുള്ളവർക്ക് അറിയാവുന്നതുമായ, കാര്യങ്ങൾ ആണ് മറവ് ചതുരത്തിൽ. നമ്മളുടെ ശ്രമങ്ങൾ പലതും വിലമതിക്കപ്പെടാതെ പോകുന്നതിന്റെ കാരണങ്ങൾ ഈ മറവ് ഭാഗത്ത് ഒളിച്ചിരിപ്പുണ്ട്.

കർട്ടൻ - മറ്റാരും അറിയാതെ, നമ്മൾ ഒളിപ്പിച്ചു മൂടിവെച്ചിരിക്കുന്ന കാര്യങ്ങൾ ആണ് കർട്ടനു പിറകിൽ. മനസ്സിന്റെ ഭാരത്തിൽ വലിയ ഒരുഭാഗം ഈ കർട്ടൻ കൊണ്ട് സംഭവിക്കുന്നതാണ്. ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പുറത്തുവരാതിരിക്കാൻ നമ്മൾ എപ്പോഴും കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കും അങ്ങനെ നമ്മുടെ പെരുമാറ്റം മറ്റുള്ളവരിൽ സംശയം ഉളവാക്കും.

ഇരുട്ട് - നമുക്കും മറ്റുള്ളവർക്കും അറിയാത്ത കാര്യങ്ങൾ ആണ് ഇവിടെ. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത് എന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ എന്ന പതിവു പല്ലവിക്കു കാരണം ഈ ഇരുട്ടാണ്.

വ്യക്തിത്വം ശോഭിക്കണമെങ്കിൽ ഈ ഇരുട്ട് മാറണം. അതിന് മറവ് നീങ്ങണം. കർട്ടൻ മാറ്റണം.

മറവിനുള്ളിൽ നമുക്കറിയാത്തതും മറ്റുള്ളവർക്ക് അറിയാവുന്നതുമായ കാര്യങ്ങളാണ്, അതറിയാൻ നമ്മൾ മറ്റുള്ളവരോട് ചോദിക്കണം. അവരെ കേൾക്കണം. നല്ല ചങ്ങാതിമാരുണ്ടാകണം അപ്പോൾ കണ്ണാടി വേണ്ട എന്നു പഴമക്കാർ പറഞ്ഞിരുന്നത് ഇതിനുവേണ്ടിയാണ്. കൌൺസിലിംഗിന്റെ ഒരു ഉദ്ദേശവും ഇതാണ്, നിങ്ങൾ കാണാത്ത ചില വശങ്ങൾ കണ്ടുപിടിച്ചു കാണിച്ചു തരിക.

കർട്ടൻ നീക്കണമെങ്കിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് നിങ്ങൾ ആരോടെങ്കിലും പറയണം. അതിന് നിങ്ങൾക്ക് വിശ്വാസമുള്ളവരെ കണ്ടെത്തണം. ഒരു കൌൺസിലറുടെ ജോലി അതാണ്, നിങ്ങൾ പറയുന്നത് ശ്രദ്ധയോടെ മുൻവിധി ഇല്ലാതെ കേൾക്കുകയും അത് വിശ്വസ്തതയോടെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുക. പരിഹാരങ്ങൾ നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ആശയങ്ങൾ തരാനേ കൌൺസിലർക്ക് കടമയുള്ളു. നമുക്ക് സംഭവിക്കുന്ന ചില കാര്യങ്ങൾ, നാണക്കേടാകും എന്നു കരുതി വിശകലനം ചെയ്യാനും അംഗീകരിക്കാനും ശ്രമിക്കാതെ, വേഗത്തിൽ ഒളിപ്പിക്കാനല്ല ശ്രമിക്കേണ്ടത്, അതിൽകൂടി കടന്നു പോകുകയാണ് വേണ്ടത്.

ഇനി ഒരു ചതുരം കൂടി വരക്കണം, നെടുകെയും കുറുകെയുമുള്ള വരകൾ മദ്ധ്യത്തിൽ നിന്നും കുറെകൂടി വലത്തോട്ടും താഴേക്കും മാറ്റി വരക്കുക. ഇരുട്ടിന്റെ ചതുരം എത്ര ചെറുതായി എന്നു കണ്ടോ. അരങ്ങ് എത്ര വിശാലമായി.

പരസ്പരം നിരന്തരം കൌൺസലിംഗ് നടക്കേണ്ട ഇടമാണ് കുടുംബം, അതിനു പറ്റിയ ജീവിത പങ്കാളിയെയും, മാതാപിതാക്കളെയും ലഭിക്കുന്നത് ഒരനുഗ്രഹമാണ്. നിങ്ങൾ വിവാഹിതയാണെങ്കിൽ ആദ്യം സ്വന്തം ഭർത്താവിനോടോ, അപ്പനോടോ, അമ്മയോടോ, സഹോദരങ്ങളിൽ ആരോടെങ്കിലുമോ, എല്ലാം തുറന്നു പറയാൻ ശ്രമിക്കണം. ആവശ്യമെങ്കിൽ അവരുടെ അറിവോടെ വിദഗ്ദരുടെ സേവനം തേടാം.

ജീവിതം ഒരു വലിയ അരങ്ങായി മാറ്റണേ എന്നു തമ്പുരാനോട് പ്രാർത്ഥിച്ചോളൂ. അപ്പോൾ നിങ്ങൾ ഷൈൻചെയ്യും.

George Kadankavil -  March  2005

What is Profile ID?
CHAT WITH US !
+91 9747493248