കുടുംബത്തിൽ ഒരു കല്യാണം നിശ്ചയിച്ചുറപ്പിച്ച് എല്ലാവരെയും അറിയിച്ചശേഷം, അത് മുടങ്ങിപ്പോയാൽ ഒരു കുടുംബനാഥൻ എന്തൊക്കെ ചെയ്യും?. പൊട്ടിത്തെറിക്കാം, വിമ്മിക്കരയാം, ശപിക്കാം, പഴിക്കാം, ന്യായീകരിക്കാം, അടുത്ത ആലോചനയ്ക്ക് ശ്രമിക്കാം, വേണമെങ്കിൽ, വിവാഹാലോചനകൾക്ക് ഒരു പുത്തൻ സംസ്കാരംതന്നെ സൃഷ്ടിക്കാൻ, ഇറങ്ങി പുറപ്പെടാം.
അങ്ങനെ ഇറങ്ങി തിരിക്കാനാണ് എനിക്കിടയായത്.
പള്ളിക്കൂടവും ആശുപത്രിയും മാത്രം നടത്തിയാൽ പോരാ, മനുഷ്യർക്ക് അത്യാവശ്യം വേണ്ട ഒരു സേവനമാണച്ചോ അവരുടെ കുഞ്ഞുങ്ങളുടെ കല്യാണക്കാര്യം. സുഹൃത്തും ഗുരുസ്ഥാനീയനുമായ ഒരു വന്ദ്യ വൈദികന്റെ മുമ്പിൽ ഞാൻ പൊട്ടിത്തെറിച്ചു.
മദമിളകി വരുന്ന ആനയെപ്പോലും ഒരുപക്ഷെ പിടിച്ചു നിർത്താൻ കഴിയുന്ന ശാന്തഗംഭീരമായ സ്വരത്തിൽ അദ്ദേഹം പ്രതികരിച്ചു, മറ്റുള്ളവരല്ലെടോ, തനിക്ക് ചെയ്യുവാൻ കഴിയുമോ? എങ്കിൽ ഞാൻ സഹായിക്കാം.
ഈ പുത്തൻ സംസ്കാരം പിറന്നു വീണത് അന്ന് അവിടെയാണ്. തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ഒരുപാടുണ്ട്. ദൈവപരിപാലനയുടെ വിസ്മയിപ്പിക്കുന്ന ധാരാളം അനുഭവങ്ങൾ. വലിയ കാര്യങ്ങൾക്ക് നാന്ദി കുറിക്കുന്ന ചെറിയചെറിയ പ്രവർത്തികൾക്ക് ഉപകരണങ്ങളായിത്തീർന്ന നിരവധി സംഭവങ്ങൾ. നാട്ടിലെ ഒട്ടുമിക്ക ക്രൈസ്തവ കുടുംബങ്ങളുടെയും സൌഹൃദം, ദിവസേന എന്നവണ്ണം വിവാഹക്ഷണങ്ങൾ, ശുഭവാർത്തകൾ, കൃതജ്ഞതയുടെ നല്ല വാക്കുകളുമായി ധാരാളം സന്ദർശകർ, ഇതാണ് ഇന്ന് ബെത് ലെഹം.
ബെത് ലെഹമിന്റെ മുഖമുദ്രയാണ് വൈവാഹിക സംഗമങ്ങൾ - നല്ല കല്യാണക്കാര്യങ്ങൾ മാത്രമല്ല, നല്ല വിവാഹ സംസ്കാരങ്ങളും ഇവിടെ രൂപം കൊള്ളുന്നു. പെണ്ണുകാണൽ അനൌപചാരികമായി നടക്കുന്നതോടൊപ്പം ഇവിടെ നടക്കുന്ന ചർച്ചകൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും സാമൂഹൃ സാംസ്കാരിക മാറ്റങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
വിവാഹത്തിനു മുമ്പ് ഒരു പ്രതിശ്രുത വധു തന്റെ പിതാവിനോടൊപ്പം ഒരു യാത്രാമദ്ധ്യേ പ്രതിശ്രുത വരന്റെ ഭവനം സന്ദർശിക്കുവാനിടയായത്, വരന്റെ പിതാവിനെ ക്ഷുഭിതനാക്കുകയും, ആ വിവാഹം മുടങ്ങുകയും ചെയ്ത സംഭവം സംഗമങ്ങളിൽ ഏറെ സജീവമായി ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ഒരു കുടുംബത്തിന്റെ വേദന ക്രിയാത്മകങ്ങളായ പ്രതികരണങ്ങളിലൂടെ ഉയർന്ന് ഇന്ന് ഒരു പുത്തൻ സംസ്കാരത്തിന് നാന്ദിയായിത്തീർന്നു. ക്രിയാത്മകങ്ങളായ പ്രതികരണങ്ങളും പ്രവർത്തനങ്ങളും വഴി സാമൂഹ്യ വ്യവസ്ഥിതികൾ മാറും എന്നതിന് ഒരു നല്ല ഉദാഹരണമാണിത്.
സ്ത്രീധന പ്രശ്നങ്ങൾ രൂക്ഷമാക്കിയിരുന്നതിന്റെ മുഖ്യപങ്ക് ഇടനിലക്കാരുടെ കമ്മീഷൻ ശൈലിയാണെന്ന തിരിച്ചറിവാണ് മാട്രിമോണിയൽ ഡേറ്റാബാങ്ക്, ഫോട്ടോ ഡയറക്ടറി, മീഡിയേറ്റർ സർവ്വീസ് തുടങ്ങിയ കമ്മീഷൻ വാങ്ങാത്ത ഒരു കല്യാണലോചനാ സംസ്കാരത്തിന് രൂപം കൊടുക്കുവാൻ കാരണമായത്. ഇന്ന് ക്രൈസ്തവ കുടുംബങ്ങളിൽ കല്യാണമന്വേഷിക്കുമ്പോൾ ആദ്യം തേടുന്ന ഇടം ബെത് ലെഹമായി മാറിയിരിക്കുന്നു.
വിവാഹത്തിന് താൽപ്പര്യം ഇല്ലാത്തവരെയും, സാധിക്കാത്തവരെയും, പാടില്ലാത്തവരെയും, ഇളയവരുടെ കല്യാണം നടക്കൻ വേണ്ടി നിർബന്ധിച്ചു കെട്ടിക്കുന്ന ഒരു ദുരവസ്ഥ നമുക്കിടയിലുണ്ട്. ഒരു ഏകസ്ഥ വനിതാ സംഘത്തിന് രൂപം കൊടുക്കുവാനും, ഏകസ്ഥർ എന്ന ജീവിതാവസ്ഥയുടെ, അന്തസ്സുയർത്തുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ഒന്നും ഞങ്ങളുടെ സാമർത്ഥ്യമല്ല, ദൈവത്തിന്റെ പദ്ധതികൾ. അനേക 0വർഷത്തെ പ്രവൾത്തനത്തിനിടയിൽ പ്രത്യേകം ശ്രദ്ധിക്കാനിടയായ ചില കാര്യങ്ങളെക്കുറിച്ച് ചില കാഴ്ചപ്പാടുകൾ എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അവയിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും കുറിപ്പുകൾ, 'മിന്നുകെട്ടിന്റെ പണിപ്പുരയിൽ' എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
''സാർ ഒരു പ്രശ്നം ഉണ്ട്, പറഞ്ഞാൽ അടുത്ത ആഴ്ചത്തെ പത്രത്തിൽ പ്രസിദ്ധപ്പെടുത്തരുത് '' എന്ന മുഖവുരയോടെയാണ് ആദ്യമൊക്കെ ആളുകൾ വന്നിരുന്നത്. ''ഞങ്ങളുടെ കാര്യത്തിൽ ഒരു പുതിയ കാഴ്ചപ്പാട് പ്രസിദ്ധീകരിക്കാമോ'' എന്നു ചോദിച്ചാണ് ഇപ്പോൾ പലരും എത്തുന്നത്. പലരിൽ നിന്നും കിട്ടിയ അനുഭവങ്ങളും, ചിന്തകളും ഓരോരുത്തരുടെ അവസ്ഥാവിശേഷങ്ങളുമായി കൂട്ടിയിണക്കിയാണ് അഭിപ്രായങ്ങൾ പറയുന്നതും, എഴുതുന്നതും. എന്റെ അഭിപ്രായങ്ങൾ എല്ലാം പൂർണ്ണമാണെന്നോ, അതുമാത്രമാണ് ശരിയെന്നോ ഞാൻ കരുതുന്നില്ല. മുമ്പിലിരിക്കുന്ന ആളിന് ആശ്വാസം ആകണം എന്ന ഉദ്ദേശത്തോടെയാണ് ഓരോന്ന് പറയുന്നത്. മറ്റു പലർക്കും ഇതു പ്രയോജനപ്പെടുന്നതായി അറിയുന്നു. അതിൽ എനിക്കും തൃപ്തിയുണ്ട്. കുടുംബങ്ങളുടെ സുസ്ഥിതിക്കും, കെട്ടുറപ്പിനും, ഇത് കൂടുതൽ ആളുകൾക്ക് ഉപകരിക്കണമെ എന്ന പ്രാർത്ഥനയോടെ ഈ പ്രയത്നം നമ്മുടെ കുടുംബങ്ങൾക്കായി സമർപ്പിക്കുന്നു.
George Kadankavil - January 2005