''എന്റെ സാറേ, ഏതു കല്യാണക്കാര്യം വന്നാലും ആദ്യം തന്നെ അതിന്റെ ദോഷങ്ങൾ കണ്ടു പിടിക്കാനും സംശയങ്ങൾ പ്രകടിപ്പിക്കാനുമാണ് എന്റെ വീട്ടിൽ പോലും ചിലരുടെ പരിശ്രമം. ഈ മനോഭാവം ഒന്നു മാറ്റിയെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ സാറേ''
ഇല്ല മോളേ, മറ്റുള്ളവരുടെ മനോഭാവം മാറ്റിയിട്ട് നിന്റെ കാര്യം നടത്താൻ നിനക്കൊരിക്കലും സാധിക്കില്ല. നിനക്കെന്നല്ല ആർക്കും സാധിക്കില്ല. നിന്റെ മനോഭാവം മാത്രമേ നിനക്കു മാറ്റാൻ കഴിയുകയുള്ളു. നിനക്ക് എന്താണ് വേണ്ടതെന്ന് മോൾക്കു തന്നെ ഒരു ബോദ്ധ്യം വേണം. അങ്ങനെ ഒരാലോചന വരുമ്പോൾ ആ പയ്യനെ കണ്ടു സംസാരിച്ച് അയാളും നീയും തമ്മിൽ പൊരുത്തപ്പെടുമോ എന്നു വിലയിരുത്താനുള്ള വകതിരിവും നീ ഉണ്ടാക്കി എടുക്കണം. കേട്ടിരിക്കുന്നതും, സംഭവിച്ചേക്കാവുന്നതുമായ ദോഷങ്ങളെ നേരിടാൻ ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കിൽ അതും വീട്ടിൽ അറിയിക്കണം. ഇത്രയും പക്വത നിനക്കുണ്ട് എന്നു നിന്റെ വീട്ടിൽ തന്നെ ബോദ്ധ്യപ്പെട്ടാൽ അവരുടെ ദോഷം നോക്കലിന് ഒരു മയം വരും. നിർഭാഗ്യവശാൽ ഇത്രയും പക്വത ഉണ്ടാകും വിധമല്ല പല കുടുംബങ്ങളിലും മക്കളെ വളർത്തിയിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ, ഒരു തരം സ്പൂൺ ഫീഡിംഗ് കല്യാണക്കാര്യത്തിലും ഞാൻ കണ്ടിട്ടുണ്ട്.
മനപൂർവ്വം തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനും സാദ്ധ്യതയുള്ള ഘടകങ്ങളാണ് - പ്രായം, വിദ്യാഭ്യാസം, ജോലി, വരുമാനം, ആസ്തി ബാദ്ധ്യതകൾ, വിദേശവാസം എന്നിവ. ആധികാരികമായും വിശ്വസനീയമായും തുടർന്നന്വേഷിക്കാൻ സഹായകമായ വിധത്തിൽ വിവരങ്ങൾ കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങളാണല്ലോ ഇവ. അത് നമ്മൾ അങ്ങോട്ട് കൊടുത്താൽ, അതുപോലെ തിരികെ നൽകാൻ മറു കൂട്ടർക്ക് പ്രേരണ ആകും.നിങ്ങൾ അന്വേഷിച്ച് എല്ലാം ബോദ്ധ്യപ്പെട്ടാൽ മതി, എനിക്കും സമ്മതമാണ് എന്ന് മാതാപിതാക്കളോട് പറയുന്ന പിള്ളേരുണ്ട്, അവരുടെ കല്യാണം, അന്വേഷിച്ച് അന്വേഷിച്ച് തീരുമാനം ഒന്നും എടുക്കാതെ അനിശ്ചിതമായി നീളുന്നതായാണ് കണ്ടു വരുന്നത്.
ഒരു കല്യാണാലോചന വരുമ്പോൾ, രണ്ടു കൂട്ടരുടെയും മനസ്സിൽ സത്യം അറിയാൻ വെമ്പുന്ന ചില ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. അതു സംശയമായി പ്രകടിപ്പിക്കുന്നതാണ് പ്രശ്നം. അങ്ങനെ ചെയ്താൽ പിന്നെ ആ ആലോചന തുടരാൻ സാധിക്കാത്ത അവസ്ഥയിലാകും. തുറന്ന സമീപനം കൊണ്ട് ഒഴിവാക്കാൻ സാധിക്കുന്ന കാര്യങ്ങളാണിതിൽ പലതും.
മനപൂർവ്വം തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനും സാദ്ധ്യതയുള്ള ഘടകങ്ങളാണ് - പ്രായം, വിദ്യാഭ്യാസം, ജോലി, വരുമാനം, ആസ്തി ബാദ്ധ്യതകൾ, വിദേശവാസം എന്നിവ.
ആധികാരികമായും വിശ്വസനീയമായും തുടർന്നന്വേഷിക്കാൻ സഹായകമായ വിധത്തിൽ വിവരങ്ങൾ കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങളാണല്ലോ ഇവ. അത് നമ്മൾ അങ്ങോട്ട് കൊടുത്താൽ, അതുപോലെ തിരികെ നൽകാൻ മറു കൂട്ടർക്ക് പ്രേരണ ആകും. ഒരു ജോലിക്ക് ഇന്റർവ്യൂവിനു പോകുമ്പോൾ സർട്ടിഫിക്കറ്റുകൾ കൊണ്ടു ചെല്ലുന്നതു പോലെ, ഇതും കൊണ്ട് പെണ്ണു കാണാൻ പോകണമെന്നല്ല ഉദ്ദേശിക്കുന്നത്. ആലോചനയുമായി വീട്ടിൽ വരുന്നവർ ശ്രദ്ധിക്കാനിടയാകും വിധം, മേൽപറഞ്ഞ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ഉതകുന്ന എവിഡൻസ് അവതരിപ്പിക്കണം.
എന്റെ ഒരു ബന്ധുവിന്റെ മകളുടെ വിവാഹ ആലോചനയുമായി ഒരു പയ്യന്റെ വീട്ടിൽഞാനും കൂടി പോയിരുന്നു. പയ്യന് വിദേശത്താണ് ജോലി. അവിടെ വെച്ചെടുത്ത ഫോട്ടോകളുടെ രണ്ട് ആൽബങ്ങൾ എല്ലാവർക്കും കാണാനായി സ്വീകരണ മുറിയിൽ തന്നെ വെച്ചിരുന്നു. ഓഫീസിലും, പുറത്തും, അവിടുത്തെ പള്ളിയിലും, സുഹൃത്തുക്കളുടെ വീട്ടിലും വെച്ചെടുത്ത ഫോട്ടോകൾ, വിദേശത്തെ സുഹൃത്തുക്കൾ, ജോലിയുടെ വിവരങ്ങൾ തുടങ്ങി അവനെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ വിശദമായി വിവരിക്കാനുതകുന്നതായിരുന്നു അതിലെ ചിത്രങ്ങൾ. വിസ കാലാവധിയെപ്പറ്റി പറഞ്ഞു വന്ന കൂട്ടത്തിൽ, അങ്കിളെ വിസ പുതുക്കുന്നതിനെക്കുറിച്ച് എനിക്കൊരു സംശയം ഉണ്ട് അങ്കിളിതൊന്നു നോക്കി പറയാമോ എന്നു ചോദിച്ച് ഒരു ഫോൾഡർ എടുത്തു വന്നു. അതിൽ പാസ്പോർട്ടും, സർട്ടിഫിക്കറ്റുകളും, പേ സ്ലിപ്പും മറ്റും വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. ഞങ്ങളതു മറിച്ചു നോക്കി.
ഇത്രയ്ക്കും വകതിരിവുള്ള ഈ പയ്യന്, ഞങ്ങളെ പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ പിന്നെ ഞങ്ങൾക്കാർക്കും ഒരു മടിയും ഉണ്ടായില്ല.
സംശയം സ്വാഭാവികമാണ്, അതു മനസ്സിലാക്കി മുൻ കരുതലോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. മോളിവിടെ വന്നിതു പറഞ്ഞതു നന്നായി, ഇങ്ങനെ വകതിരിവോടെ തുറന്നു പെരുമാറുവാൻ മറ്റുള്ളവർക്കും, നിന്റെ അനുഭവങ്ങൾ പ്രചോദനമായിത്തീരും.
George Kadankavil - August 2007