Back to articles

അനുഭൂതികളുടെ ബാലൻസ്ഷീറ്റ്

February 01, 2015

മകളുടെ കല്യാണം അന്വേഷിച്ച് ഞാൻ ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് എത്ര കാലമായെന്നോ. ഇതു വരെ ഒന്നും ശരിയായിട്ടില്ല. അവളെ കാണാൻ അത്ര സൌന്ദര്യം ഒന്നും ഇല്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ സൌന്ദര്യം ഇല്ലാത്ത ചെറുക്കൻ പോലും വന്ന് കണ്ടിട്ട് പുറകെ അറിയിക്കാം എന്നു പറഞ്ഞ് പോകും, അറിയിക്കലൊന്നും ഉണ്ടാവില്ല. അതുകൊണ്ട് പെണ്ണുകാണലൊക്കെ ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.

പഠിത്തത്തിലും ജോലിയിലും ഒക്കെ മിടുക്കി ആയിട്ടും സൌന്ദര്യം ഇല്ലെന്ന ഒറ്റ കാരണത്താൽ ജീവിതം മടുത്തു പോകുന്ന അവസ്ഥയാണല്ലോ എന്റെ  മകൾക്ക് എന്നോർക്കുമ്പോൾ ഉള്ളിലൊരു നീറ്റലാണ് എന്റെ ജോർജ്ജ് സാറേ.

മാഷേ, വിഷമം പറഞ്ഞാൽ കേൾക്കാൻ ഒരാളുണ്ടല്ലോ എന്നു കരുതിയല്ലേ മാഷ് എന്നെ വിളിക്കുന്നത്, അല്ലാതെ, ഒരു മന്ത്രവടി ഉപയോഗിച്ച് ഒരു ചെറുക്കനെ സൃഷ്ടിച്ചു തരാൻ എനിക്കു കഴിയും എന്നു കരുതിയല്ലല്ലോ.
സൃഷ്ടാവിന് അവളെക്കൊണ്ട് വ്യക്തമായ ഏതോ ആവശ്യമുള്ളതിനാലാണ്, മാഷിന്റെ  മകൾ സൃഷ്ടിക്കപ്പെട്ടത്.
അത് തിരിച്ചറിയും വരെ മാത്രമേ അവൾക്ക് മടുപ്പും വിഷമവും തോന്നുകയുളളു.

സൌന്ദര്യത്തെക്കുറിച്ച് ആരോ പറഞ്ഞു കേട്ട ഒരു കഥ ഞാൻ പറയാം. മാഷിന്റെ  മടുപ്പ് കുറയാൻ ഇത് സഹായിച്ചേക്കും.

ഒരു കാക്ക വളരെ സന്തോഷത്തോടെ കാട്ടിൽ ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് ഒരു തൂവെള്ള നിറമുള്ള ഒരു അരയന്നത്തിനെ കാണുന്നത്. അപ്പോൾ കാക്ക വിചാരിച്ചു, ഇത്രയും ഭംഗിയുള്ള ഈ അരയന്നമായിരിക്കണം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പക്ഷി.
കാക്ക ഇത് അരയന്നത്തോട് നേരിട്ട് ചോദിച്ചു. അരയന്നം പറഞ്ഞു, ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്. പക്ഷേ ഇന്നാള് ഒരു തത്തയെ കണ്ടപ്പോൾ എന്റെ  തോന്നൽ തെറ്റിയെന്ന് മനസ്സിലായി. നല്ല പച്ച തൂവലും ചൊകാ ചൊകാ ചെമന്ന കൊക്കും, എന്തു ഭംഗിയായിരുന്നെന്നോ ആ തത്തയ്ക്ക്?

കാക്കയ്ക്ക് പിന്നെ ഇരിപ്പുറച്ചില്ല, കാടു മുഴുവനും ചുറ്റിപ്പറന്ന് തത്തയെ കണ്ടു പിടിച്ച്, തത്തയോട് ചോദിച്ചു, എന്തു ഭംഗിയാണ് നിന്നെ കാണാൻ, നീ തന്നെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പക്ഷി! എന്നാൽ തത്തപറഞ്ഞു, ഏയ് ഞാനെങ്ങും ഒന്നുമല്ല, ആ മയിലിനെ കാണണം. എന്തു ഭംഗിയാണെന്നോ, എത്ര നിറങ്ങളാണ് അതിന്റെ  തൂവലുകൾക്ക്, അത് പീലി നിവർത്തി നിൽക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്.

കൂടുതൽ അസ്വസ്ഥതയാണ് ഇതു കേട്ടപ്പോൾ കാക്കയ്ക്ക് തോന്നിയത്. പിന്നെ മയിലിനെ അന്വേഷിച്ച് പറക്കാൻ തുടങ്ങി. കാട്ടിൽ എങ്ങും മയിലിനെ കാണാൻ കഴിഞ്ഞില്ല. അപ്പോൾ ആരോ പറഞ്ഞു മയിലിനെ കാണണമെങ്കിൽ മൃഗശാലയിൽ ചെല്ലണം എന്ന്. കാക്ക പറന്ന് കാഴ്ചബംഗ്ളാവിൽ എത്തി.
അതാ മയിൽ ഒരു കൂട്ടിനുള്ളിൽ പീലി വിരിച്ച് നിന്നാടുന്നു. കൂടിനു ചുറ്റും ധാരാളം മനുഷ്യർ നിന്ന് കയ്യടിച്ച് മയിലാട്ടം ആസ്വദിക്കുന്നു. കാക്കയ്ക്ക് അസൂയ തോന്നി.
ഈ മയിൽ ഒരു ഭയങ്കര സംഭവമാണല്ലോ?

ദൈവത്തിന്റെ  സൃഷ്ടികളിൽ ഏറ്റവും സന്തോഷമുള്ള ജീവി മയിൽ തന്നെ, കാക്ക മനസ്സിൽ കുറിച്ചിട്ടു. ആളുകൾ പിരിഞ്ഞുപോകും വരെ കാത്തിരുന്ന കാക്ക ഒടുവിൽ മയിലിന്റെ  അടുത്തെത്തി വണങ്ങി നിന്നു പറഞ്ഞു. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള, ഏറ്റവും സന്തോഷമുള്ള അങ്ങയെ കാണാനായി കുറെ നാളുകളായി ഞാനലയുകയായിരുന്നു. എന്തു ഭംഗിയാണ് നിങ്ങളെക്കാണാൻ!

മയിൽ പറഞ്ഞു, ശരിയാണ് പക്ഷേ എന്റെ ഭംഗി കാരണം ഞാനീ കൂട്ടിൽ അടയ്ക്കപ്പെട്ടു. നീ ഈ മൃഗശാല മുഴുവൻ പറന്ന് കാണുക, കാക്ക മാത്രമാണ് ഒരു കൂട്ടിലും പെടാത്ത പക്ഷി. ബാക്കി എല്ലാ ജന്തുക്കളും ഇവിടെ കാഴ്ച വസ്തുക്കളാണ്.
കുറേക്കാലമായി ഞാൻ ചിന്തിക്കുന്നു, എനിക്ക് എങ്ങനെയെങ്കിലും ഒരു കാക്കയാകാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ബന്ധനത്തിൽ നിന്നും രക്ഷപ്പെട്ട് യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ  സന്തോഷം അനുഭവിക്കാമായിരുന്നു!.....

മാഷും ഭാര്യയും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മകളുടെ കല്യാണം നടക്കാത്തത് സൌന്ദര്യം പോരാത്തതു കൊണ്ടാണ് എന്ന ചിന്ത വെടിയണം. അതല്ല സത്യം. മകൾക്ക് യോഗ്യനെന്ന് നിങ്ങൾ കണക്കാക്കുന്ന പുരുഷന് അവളോട് ആകർഷണം തോന്നുന്നില്ല എന്നതാണ് വാസ്തവം.
അത് എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം.

സൌന്ദര്യം നോക്കി സന്തോഷം വിലയിരുത്താനാവുമോ? സൌന്ദര്യത്തേക്കാൾ മനുഷ്യരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭംഗിയുള്ള പെരുമാറ്റം. മാഷിന്റെ  മകൾക്ക് സന്തോഷിക്കാൻ കിട്ടിയ രണ്ടു കാര്യങ്ങളാണ് പഠനത്തിലും ജോലിയിലും അവൾ നേടിയെടുത്ത കഴിവുകൾ. അത് നേടാൻ മിടുക്കുള്ള മകൾക്ക്, ഇനി പെരുമാറ്റത്തിൽ മികവ് നേടിയെടുക്കാൻ ശ്രമിച്ചാൽ നിഷപ്രയാസം സാധിക്കില്ലേ?.

ഭംഗിയുള്ള വസ്തുക്കൾ നിർമ്മിക്കാൻ പഠിക്കുക. രുചിയുള്ള ഭക്ഷണം പാചകം ചെയ്യുക. മധുരതരമായി സംസാരിക്കാൻ ശീലിക്കുക. അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ സഹാനുഭൂതിയോടെ ഇടപെടാൻ മനസ്സുവെയ്ക്കുക. ഇതിനൊക്കെയുള്ള മിടുക്കും സ്വാതന്ത്ര്യവും അവൾക്കുണ്ട്, അത് പരമാവധി പ്രയോജനപ്പെടുത്തണം. അപ്പോൾ കൂടുതൽ ആകർഷകമായ ഒരു വ്യക്തിത്വം അവൾക്ക് കൈവരും.
അവളുടെ ഉള്ളിലെ സൌന്ദര്യം ക്രമേണ പുറമെയ്ക്കും പ്രകടമാകും.

അവളുടെ ഉള്ളിലെ സൌന്ദര്യം കാണാൻ കണ്ണുള്ള ഒരു പുരുഷനെ കണ്ടെത്താൻ ഇടയായാൽ മാത്രം മതി വിവാഹം. അല്ലാത്ത ഒരു പുരുഷനോടൊപ്പം അഭിനയിച്ചു ജീവിക്കുന്നതിലും ഭേദം, അവിവാഹിതയായി തനിച്ച് ജീവിക്കുന്നതാണ് എന്ന് ഒരു താത്കാലിക നിലപാടെടുക്കുന്നതിലും തെറ്റില്ല.

നല്ല സൌന്ദര്യം ഉണ്ടെന്ന് നിങ്ങൾ കരുതുന്ന പെൺകുട്ടികളിൽ ഒരു പ്രയാസവും കൂടാതെ വിവാഹം നടന്ന എത്രപേരെ നിങ്ങൾക്കറിയാം?

അവരിൽ ശരിക്കും സന്തോഷത്തോടെ കഴിയുന്നവർ എത്ര കാണും?
അതീവ സുന്ദരി ആയതു കൊണ്ട് മാത്രം, വിവാഹം വരെ മാതാപിതാക്കളുടെ അമിത സംരക്ഷണവും, വിവാഹശേഷം ഭർത്താവിന്റെ  അമിത നിരീക്ഷണവും അനുഭവിച്ച് സ്വൈര്യം നഷ്ടപ്പെട്ട ചില പെൺകുട്ടികളെ എനിക്കറിയാം.

അതൊന്നും പോരാത്തതിന് പൂവാല ശല്യവും, പീഡന സാദ്ധ്യതകളും നേരിടുന്നവരുടെ കഥകൾ കേട്ടിട്ടില്ലേ?
അതിസുന്ദരിയായ മകളേക്കുറിച്ച് ഗർവ്വ് കാണിച്ച് വിവാഹാലോചനകളിലും, വിവാഹശേഷവും, തീർത്താൽ തീരാത്ത മനപ്രയാസങ്ങളിൽ ചെന്നുപെട്ട മാതാപിതാക്കളും നമുക്കിടയിൽ ഉണ്ട്.

നല്ല ശരീരസൌന്ദര്യം സന്തോഷകരമാണ്, പക്ഷേ സന്തോഷം ശരീരസൌന്ദര്യം കൊണ്ടു മാത്രമേ ലഭിക്കൂ എന്ന് തോന്നുന്നുണ്ടോ?.

ശരീരത്തിന്റെ രൂപം എന്തായിരുന്നാലും അത് കാഴ്ചക്കാരുടെ കണ്ണിന്റെയും മനസ്സിന്റെയും അനുഭവം ആണ്. എന്നാൽ ആ രൂപവും, രൂപത്തിൽ നിന്നും ഉളവാകുന്ന പെരുമാറ്റവും അനുഭവം സൃഷ്ടിക്കുന്നത് ഇടപെടുന്നവരുടെ ഹൃദയത്തിലാണ്. ഓരോ അനുഭവങ്ങളിൽ നിന്നും അവനവന്റെ കാഴ്ചപ്പാടുകൾ വെച്ച് അവരവർ തന്നെ പ്രോസസ്സ് ചെയ്ത് എടുക്കുന്ന സത്താണ് അനുഭൂതികൾ.
ഈ അനുഭൂതികൾ എത്ര നല്ലത് എത്രമോശം എന്നതിനെ ആശ്രയിച്ചാണ്, നമ്മുടെ ഉള്ളിൽ സന്തോഷമോ സങ്കടമോ കോപമോ നിരാശയോ തൃപ്തിയോ ഒക്കെ ഉളവാകുന്നത്.

അങ്ങനെയെങ്കിൽ സന്തോഷം കിട്ടാൻ നല്ല അനുഭൂതികളല്ലേ ആവശ്യം? നല്ല അനുഭൂതികൾ കിട്ടണമെങ്കിൽ ഒന്നുകിൽ ഹൃദയത്തിന് നല്ല അനുഭവങ്ങൾ ലഭിക്കണം, അല്ലെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റി, മോശം അനുഭവത്തിൽ അടങ്ങിയിരിക്കുന്ന നന്മ കാണാൻ കഴിവ് നേടണം.
നന്മയും തിന്മയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

റോഡിലൂടെ നടക്കുന്ന വഴിക്ക് കാനയുടെ മുകളിൽ ഒടിഞ്ഞു കിടക്കുന്ന സ്ളാബിൽ തട്ടി വീണ് മാഷിന്റെ കാലൊടിഞ്ഞു എന്നു കരുതുക. കാലൊടിഞ്ഞതിന്റെ വേദനയും, മെനക്കെടും, ആശുപത്രി ചെലവുകളും, അസൌകര്യങ്ങളും, യഥാർത്ഥമാണ് - വസ്തുതയാണ് - മോശം അനുഭവങ്ങളുമാണ്.
ഈ വീഴ്ചയ്ക്ക് ഇടയാക്കിയ അധികൃതരോട് മാഷിനു വേണമെങ്കിൽ രോഷം കൊള്ളാം, കോപിക്കാം, ശപിക്കാം, പഴിക്കാം. വീഴ്ചകൊണ്ട് ഉണ്ടായ അസൌകര്യങ്ങൾ ഓർത്ത് നിരാശപ്പെടാം.
മാഷിനെ കാണാൻ വരുന്നവരോട് ഒക്കെ ഇതു പറഞ്ഞ് അവരുടെ അനുഭവവും മോശമാക്കാം. മാത്രമല്ല, ഈ മോശം അനുഭവങ്ങൾ, എത്ര പേരോട് പറയുന്നുവോ, അത്രയും ഇരട്ടിയായി സ്വയം അനുഭവിക്കുകയും ചെയ്യും.

ഇവിടെ കാഴ്ചപ്പാട് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം. ഇത്രയല്ലേ സംഭവിച്ചുള്ളു എന്ന് ആശ്വസിക്കാൻ തോന്നുമെങ്കിലോ?
ഇത്രയും അസൌകര്യങ്ങൾ ഉണ്ടായെങ്കിലും കുറച്ച് ദിവസം വിശ്രമിക്കാൻ അവസരമായല്ലോ എന്ന് ചിന്തിക്കാൻ കഴിഞ്ഞാലോ?

ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ എന്തെങ്കിലും ആശയം കണ്ടെത്തിയാലോ?
സ്വയം എത്ര ആശ്വാസം തോന്നും? കൂടാതെ മാഷിനെ കാണാൻ വരുന്നവരോട് ഉർവ്വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞ് അവർക്കും കുറെ നല്ല അനുഭവം പകരാൻ കഴിയില്ലേ?
അതാണ് കാഴ്ചപ്പാടിന്റെ പ്രസക്തി..

എന്തെങ്കിലും അനുഭവങ്ങൾ നമുക്ക് ലഭിക്കണമെങ്കിൽ നമ്മൾ മറ്റ് മനുഷ്യരോട് ഇടപഴകണം. ഉൾവലിഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കരുത്.
ഇനി നല്ല അനുഭവങ്ങൾ നമുക്ക് ലഭിക്കണമെങ്കിൽ ഇടപഴകുന്നവർക്ക് ധാരാളം നല്ല അനുഭവങ്ങൾ നമ്മൾ അങ്ങോട്ട്‌ കൊടുക്കണം.
മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ ശ്രദ്ധയും കരുതലും ആത്മാർത്ഥമായി പ്രകടിപ്പിക്കുന്നതിലൂടെ ആണ് നല്ല അനുഭവങ്ങൾ കൊടുക്കന്നത്. അവർ അതേ അളവിലോ ആത്മാർത്ഥതയിലോ തിരികെ നൽകണം എന്ന് ഒരിക്കലും നിർബന്ധം പിടിക്കരുത്.
നമ്മൾ കൊടുത്തിരിക്കുന്ന അനുഭവങ്ങൾ അത്രയും, നല്ലതും മോശവും, നമ്മൾ മരിക്കും മുമ്പ് തന്നെ, എവിടെ നിന്നെങ്കിലുമായി തിരികെ വരും എന്ന് ഉറച്ച് വിശ്വസിച്ചാൽ മാത്രം മതി.
അത് തന്നെ സംഭവിക്കും.

അങ്ങനെയാണ് അനുഭൂതികളുടെ ബാലൻസ് ഷീറ്റ് !

What is Profile ID?
CHAT WITH US !
+91 9747493248